സര്‍ക്കാര്‍ നിര്‍ദേശം  ധനകാര്യസമിതി തള്ളി

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതിനിരക്ക് വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാറും പാര്‍ലമെന്‍റ് ധനകാര്യസമിതിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുന്നു. നിരക്ക് വര്‍ധന സംബന്ധിച്ച് മന്ത്രിസഭാ അംഗീകാരത്തോടെ സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ ഭേദഗതി ആവശ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഭേദഗതി നിര്‍ദേശത്തോടെ തിരിച്ചയച്ച റിപ്പോര്‍ട്ട് സംബന്ധിച്ച അഭിപ്രായം ബുധനാഴ്ച നടക്കുന്ന സമിതിയോഗത്തില്‍ അറിയിക്കണമെന്നായിരുന്നു സമിതി ആവശ്യപ്പെട്ടിരുന്നത്. 
ഇതിനോട് സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതോടെ തങ്ങള്‍ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദേശം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ സമിതി തീരുമാനിച്ചതായി അധ്യക്ഷന്‍ എം.പി ഫൈസല്‍ അല്‍ഷായെ അറിയിച്ചു. 
ഉപഭോക്താക്കളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധനാ ശിപാര്‍ശ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്. സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് വീടുകള്‍ (വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്ട്മെന്‍റുകളും ഇതിലാണ് വരിക), വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയാണ് നാലു വിഭാഗങ്ങള്‍. സ്വദേശി വീടുകള്‍ക്ക് 3,000 കിലോവാട്ട് വരെ കിലോവാട്ടിന് മൂന്നു ഫില്‍സ്, 3,000 മുതല്‍ 6,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 6,000 മുതല്‍ 9,000 കിലോവാട്ട് വരെ 10 ഫില്‍സ്, 9,000ത്തിനു മുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വാടക വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും 1,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, 1,000 മുതല്‍ 2,000 കിലോവാട്ട് വരെ എട്ടു ഫില്‍സ്, 2,000 മുതല്‍ 3,000 വരെ 10 ഫില്‍സ്, 3,000 കിലോവാട്ടിനു മുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കിലോവാട്ടിന് 19 ഫില്‍സായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് രണ്ടു ഫില്‍സ് തന്നെ തുടരാനാണ് ശിപാര്‍ശ. ഇതില്‍ സ്വദേശികളെ കൂടുതലായി ബാധിക്കുന്ന സ്വകാര്യ വീടുകളുടെ കാര്യത്തിലാണ് ധനകാര്യ സമിതി ഭേദഗതി നിര്‍ദേശിച്ചത്. 
6,000 കിലോവാട്ട് വരെ കിലോവാട്ടിന് നിലവിലെ രണ്ടു ഫില്‍സ് തുടരാനും 6,000 മുതല്‍ 12,000 കിലോവാട്ട് വരെ അഞ്ചു ഫില്‍സ്, അതിനു മുകളിലുള്ളവര്‍ക്ക് 10 ഫില്‍സ് എന്നിങ്ങനെ വര്‍ധിപ്പിക്കാനുമാണ് സമിതി നിര്‍ദേശം. 
ജനസംഖ്യയിലെ മൂന്നിലൊന്നും 6,000 കിലോവാട്ടില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണെന്നും അവരുടെ നിരക്ക് നിലവിലെ രണ്ടു ഫില്‍സില്‍നിന്ന് വര്‍ധിപ്പിക്കേണ്ടതില്ളെന്നുമാണ് സമിതിയുടെ അഭിപ്രായമെന്ന് ഫൈസല്‍ അല്‍ഷായെ പറഞ്ഞു. നിരക്ക് വര്‍ധനയുടെ ലക്ഷ്യം ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പിക്കുകയാവരുതെന്നും വൈദ്യുതി ഉപഭോഗം കുറക്കുന്നതിനാവണം പ്രാമുഖ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
വൈദ്യുതി നിരക്കിന്‍െറ കാര്യത്തില്‍ സര്‍ക്കാറും ധനകാര്യസമിതിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന കാര്യം വൈദ്യുതി മന്ത്രി അഹ്മദ് അല്‍ജസ്സാര്‍ സ്ഥിരീകരിച്ചു. 
സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിരക്ക് വര്‍ധനാ നിര്‍ദേശം നടപ്പായാലും വൈദ്യുതി ചെലവിന്‍െറ 80 ശതമാനവും സബ്സിഡി തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സെഷനില്‍ വൈദ്യുതി നിരക്ക് ചര്‍ച്ചയാവും. 
സര്‍ക്കാര്‍, സമിതി നിര്‍ദേശങ്ങള്‍ പാര്‍ലമെന്‍റിന്‍െറ പരിഗണനയില്‍ വരും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.