വിവാഹമോചന നിരക്കില്‍ വന്‍ വര്‍ധന

കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹമോചന നിരക്ക് വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ വിവാഹമോചനങ്ങളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ 50 ശതമാനം വര്‍ധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിച്ച് നീതിന്യായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 
വിവാഹബന്ധം കാത്തുസൂക്ഷിച്ച് സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കുന്ന യുവതീയുവാക്കളുടെ എണ്ണം ഇപ്പോള്‍തന്നെ വളരെ കുറവാണ്. എന്നാല്‍, അതിനേക്കാള്‍ ഭീകരമായിരിക്കും വരുംവര്‍ഷങ്ങളില്‍ വിവാഹമോചനത്തിന്‍െറ എണ്ണം. ഈ വര്‍ഷം കുവൈത്തില്‍ 7607 പേരാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. 
അടുത്ത വര്‍ഷം വിവാഹമോചിതരുടെ എണ്ണം 7899 ആയും 2017ല്‍ 8201 ആയും ഉയര്‍ന്നേക്കുമെന്നാണ് സാഹചര്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
2018ല്‍ 8515 ആയി ഉയരുന്ന വിവാഹമോചിതരുടെ എണ്ണം 2019 ആവുമ്പോഴേക്കും 8841ല്‍ എത്തിയേക്കുമെന്നും നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ച സാധ്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു. 
അതേസമയം, 2015 മുതല്‍ 2019 വരെ അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ വിവിധ പ്രായക്കാര്‍ക്കിടയില്‍ നടന്നേക്കാനിടയുള്ള വിവാഹങ്ങളുടെ എണ്ണവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതനുസരിച്ച് മധ്യവയസ്സുകാര്‍ക്കിടയില്‍ 15,669ഉം ചെറുപ്പക്കാര്‍ക്കിടയില്‍  13,700ഉം വിവാഹങ്ങള്‍ നടക്കും. മറ്റുള്ളവരുടെ 17,638 വിവാഹങ്ങളും നടക്കും. 
എന്നാല്‍, ഇങ്ങനെ വിവാഹിതരാകുന്ന മധ്യവയസ്കരില്‍  8213 പേരുടെയും  ചെറുപ്പക്കാരില്‍ 7,116 പേരുടെയും മറ്റുള്ള  9309 പേരുടെയും ബന്ധങ്ങള്‍ വിവാഹമോചനത്തില്‍ കലാശിച്ചേക്കാനാണ് സാധ്യത. 
ഇതര അറബ് മുസ്ലിം രാജ്യങ്ങളെ അപേക്ഷിച്ച് വിവാഹമോചനത്തിന്‍െറ കാര്യത്തില്‍ കുവൈത്ത് ഇപ്പോള്‍തന്നെ മുന്നിലാണ്. വിവാഹിതരാവാന്‍ പോവുന്നവര്‍ക്ക്  ബോധവത്കരണം നല്‍കുന്നതുള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സമയം അതിക്രമിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.