കുവൈത്ത് സിറ്റി: കുവൈത്ത് കായിക മേഖലക്ക് തിരിച്ചടികളുടെ കാലം. കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് ഫിഫയുടെയും ഒളിമ്പിക് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെയും (ഐ.ഒ.സി) വിലക്ക് ലഭിച്ചതിനു പിന്നാലെ, കുവൈത്തില്‍ നാളെ മുതല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് ഒളിമ്പിക് യോഗ്യതാ മീറ്റ് എന്ന അംഗീകാരവും നഷ്ടമായി. ചാമ്പ്യന്‍ഷിപ്പില്‍ ഒഫീഷ്യലായി എത്തേണ്ട ഇസ്രായേലുകാരന്‍ യേര്‍ ദെവിദോവിച്ചിന് കുവൈത്ത് സര്‍ക്കാര്‍ വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഐ.ഒ.സിയുടെ നടപടി. ഇതോടെ ചാമ്പ്യന്‍ഷിപ്പിന്‍െറ മാറ്റുകുറഞ്ഞു. അടുത്തവര്‍ഷം ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടാന്‍ ഏഷ്യന്‍ തലത്തിലുള്ള അവസാന അവസരമായിരുന്നു എന്നതിനാല്‍ തന്നെ ഇന്ത്യയില്‍നിന്നുള്ള ഷൂട്ടര്‍മാരടക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായിരുന്നു കുവൈത്തില്‍ നാളെ മുതല്‍ 12 വരെ നടക്കുന്ന ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്. ഐ.ഒ.സി എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ ഒളിമ്പിക് യോഗ്യതാ അംഗീകാരം എടുത്തുകളയാന്‍ തീരുമാനിച്ചത്. ‘ഒഫീഷ്യലിന് വിസ അനുവദിക്കാതിരിക്കുകയെന്നാല്‍ ഒളിമ്പിക് ചാര്‍ട്ടറിന്‍െറ ലംഘനമാണ്. ഇത് അംഗീകരിക്കാനാവില്ല. അതിനാല്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഒളിമ്പിക് യോഗ്യതാ അംഗീകാരം റദ്ദാക്കുകയാണ്’ -ഐ.ഒ.സി പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ കായിക നിയമം ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഐ.ഒ.സി കുവൈത്ത് ഒളിമ്പിക് അസോസിയേഷന്‍െറ അംഗീകാരം റദ്ദാക്കിയത്. അതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ഫുട്ബാള്‍ അസോസിയേഷനില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടി ഫിഫ വിലക്കും വന്നത്. ഒളിമ്പിക് വിലക്ക് നിലനില്‍ക്കുകയാണെങ്കില്‍ റിയോ ഒളിമ്പിക്സില്‍ കുവൈത്ത് കായികതാരങ്ങള്‍ക്ക് രാജ്യത്തിന്‍െറ ബാനറില്‍ മത്സരിക്കാനാവില്ല. ഐ.ഒ.സി അനുവദിക്കുകയാണെങ്കില്‍ ഒളിമ്പിക് സമിതിയുടെ പതാകക്ക് കീഴില്‍വേണ്ടിവരും അത്ലറ്റുകള്‍ക്ക് അണിനിരക്കാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.