ജീവകാരുണ്യപ്രവര്‍ത്തനം: കുവൈത്തിന് ഐക്യരാഷ്ട്രസഭയുടെ പ്രശംസ

യു.എന്‍ ഫണ്ടുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ കുവൈത്ത് മുന്‍പന്തിയില്‍
കുവൈത്ത് സിറ്റി: മാനുഷിക-ജീവകാരുണ്യമേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്തിന് ഐക്യരാഷ്ട്രസഭയില്‍ അഭിനന്ദനം. ഈ രംഗത്ത് യു.എന്നിന്‍െറ നയപരമായ പങ്കാളിയാണ് കുവൈത്തെന്ന് ലോക മാനുഷികദിനത്തിന്‍െറ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിശേഷിപ്പിച്ചു. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുവൈത്ത് കാഴ്ചവെക്കുന്നതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 
ലോകോത്തര മാനുഷിക കേന്ദ്രമാണ് കുവൈത്തെന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ വക്താവ് സ്റ്റെഫാന്‍ ഡുറാജിച്ച് പറഞ്ഞു. യു.എന്‍ ഫണ്ടുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ കുവൈത്ത് മുന്‍പന്തിയിലുണ്ട്. 
ലോകത്തിന്‍െറ ഏതുഭാഗത്ത് ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോഴും ഓടിയത്തെി സഹായിക്കുന്ന മനോഭാവമാണ് കുവൈത്ത് അമീര്‍ പുലര്‍ത്തുന്നത്. ഇതൊക്കെ കണക്കിലെടുത്താണ് കഴിഞ്ഞവര്‍ഷം അമീറിനെ ‘മാനുഷിക നേതാവാ’യും കുവൈത്തിനെ ‘മാനുഷിക കേന്ദ്ര’മായും യു.എന്‍ തെരഞ്ഞെടുത്തത് -ഡുറാജിച്ച് പറഞ്ഞു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ദുരിതാശ്വാസമത്തെിക്കേണ്ട സന്ദര്‍ഭമുണ്ടായപ്പോള്‍ മറ്റു പല രാജ്യങ്ങള്‍ക്കും വാഗ്ദാനം ചെയ്ത സഹായം നല്‍കാനാവാതെവന്നെങ്കിലും വാഗ്ദാനം നല്‍കിയതിലും കൂടുതല്‍ സഹായവുമായി കുവൈത്ത് അവസരത്തിനൊത്തുയര്‍ന്നകാര്യം അദ്ദേഹം എടുത്തുപറഞ്ഞു. 
‘ലോക മാനുഷികതയെ പ്രചോദിപ്പിക്കുക’ എന്ന ഈ വര്‍ഷത്തെ ലോക മാനുഷികദിന പ്രമേയത്തിന്‍െറ യഥാര്‍ഥ മാതൃകയാണ് കുവൈത്തും ഭരണാധികാരി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹുമെന്ന് യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്ററും അറബ് സ്റ്റേറ്റ്സ് റീജനല്‍ ബ്യൂറോ ഡയറക്ടറുമായ സീമ ബാഹൂസ് പറഞ്ഞു. യു.എന്നിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ‘നിരന്തര വികസന അജണ്ട’യുടെ പ്രധാന പ്രായോജകരില്‍ മുന്നിലാണ് കുവൈത്തിന്‍െറ സ്ഥാനമെന്ന് പൊതുസഭ അധ്യക്ഷന്‍ സാം കുറ്റേസ പറഞ്ഞു. ജീവകാരുണ്യമേഖലയിലെ ഐക്യരാഷ്ട്രസഭയുടെ സമീപകാല മുന്നേറ്റത്തില്‍ പ്രധാന ചാലകശക്തിയായി വര്‍ത്തിച്ചത് കുവൈത്താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
മാനുഷിക, ജീവകാരുണ്യമേഖലയിലെ കുവൈത്തിന്‍െറ സംഭാവനകളെ പ്രശംസിച്ചവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തിയ യു.എന്നിലെ കുവൈത്ത് പ്രതിനിധി മന്‍സൂര്‍ ഇയാദ് അല്‍ഉതൈബി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും കിരീടാവകാശി  ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വമാണ് ഇതിന് സഹായകരമാവുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് യു.എന്‍ മുന്‍കൈയെടുത്ത് നടത്തിയ മൂന്ന് ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ചത് കൂടാതെ 80 കോടി ഡോളര്‍ ഇതിലേക്ക് സംഭാവന നല്‍കിയത് ദുരിതബാധിതരോട് കുവൈത്ത് കാണിക്കുന്ന സഹാനുഭൂതിക്ക് ഏറ്റവും മികച്ച തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. 
ഇറാഖിനും ഗസ്സക്കും 20 കോടി ഡോളര്‍ വീതവും യമന് 10 കോടി ഡോളറും അടുത്തിടെ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ, വിവിധ യു.എന്‍ ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും നിരന്തരമായി സംഭാവനകള്‍ നല്‍കുന്നതിനും കുവൈത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കാര്യവും അല്‍ഉതൈബി എടുത്തുപറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.