പാരമ്പര്യത്തിന്‍െറ മുത്തുകള്‍ തേടി പായ്ക്കപ്പലിലേറിയൊരു യാത്ര

കുവൈത്ത് സിറ്റി: പാരമ്പര്യത്തിന്‍െറയും പൈതൃകത്തിന്‍െറയും ചരിത്രമുറങ്ങുന്ന കുവൈത്തിന്‍െറ സ്വന്തം മുത്തുവാരല്‍ ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മുത്തുവാരല്‍ ഉത്സവത്തിന്‍െറ 27ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. 
അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് ഉത്സവം നടക്കുന്നത്. സാല്‍മിയയിലെ തീരത്തുനിന്ന് 200 ഓളം മുങ്ങല്‍ വിദഗ്ധരുമായി ഖൈറാന്‍ ദ്വീപിലേക്ക് 12 പായക്കപ്പലുകള്‍ ഇന്ന് രാവിലെ 8.30 ഓടെ യാത്രതിരിക്കും. അമീറിന്‍െറ പേരിലുള്ള അഞ്ച് വലിയ കപ്പലുകളും മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അസ്സബാഹിന്‍െറ പേരിലുള്ള ഏഴു ചെറിയ കപ്പലുകളുമാണുള്ളത്. ഈ മാസം 13 വരെ നീളുന്ന ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കുവൈത്ത് സീ സ്പോര്‍ട്സ് ക്ളബിലെ സമുദ്ര പുരാവസ്തു സംരക്ഷണ സമിതി ഉപമേധാവി മുഹമ്മദ് ഫാരിസ് അറിയിച്ചു. കഠിന പരിശീലനത്തിലൂടെയാണ് മുത്തുവാരുന്നതിനുള്ള സംഘം യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനുശേഷം മെയ്യും മനവുമൊരുക്കിയാണ് സംഘം ഇന്ന് യാത്രതിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ മുത്തുവാരാന്‍ പോയവരുടെ ശിക്ഷണത്തില്‍ കഴിവുകള്‍ തേച്ചുമിനുക്കിയതിനൊപ്പം കപ്പലുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. 
കഴിഞ്ഞദിവസമാണ് ഈ കപ്പലുകള്‍ നീറ്റിലിറക്കിയത്. പഴമയിലേക്കുള്ള തിരിച്ചുപോക്കാണ് ഉത്സവത്തിലൂടെ നടക്കുന്നത്. എണ്ണസമ്പത്ത് കുവൈത്തിനെ അനുഗ്രഹിക്കുന്നതിനുമുമ്പ് രാജ്യത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധികളിലൊന്നായിരുന്നു മുത്തുവാരല്‍. ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പാരമ്പര്യ വേഷവിധാനത്തില്‍ പായക്കപ്പലില്‍ തന്നെയാണ് ഇവര്‍ യാത്ര തിരിക്കുക. കാലത്തിനു പിന്നാമ്പുറത്തേക്കൊരു തീര്‍ഥയാത്രപോലെയാണ് കുവൈത്തി ജനത ഈ ഉത്സവത്തെ കാണുന്നത്. പിന്നീട്, ഒരാഴ്ചക്കാലം ഖൈറാന്‍ ദ്വീപില്‍ രാപ്പാര്‍ത്ത് പകല്‍ മുത്തുവാരും. മുത്തുവാരാന്‍ പോകുന്നവരെ യാത്രയയക്കാനും ഉത്സവം കഴിഞ്ഞത്തെുമ്പോള്‍ സ്വീകരിക്കാനും സാല്‍മിയ തീരത്ത് ഇവരുടെ ബന്ധുമിത്രാദികളടക്കം നിരവധി പേര്‍ ഒരുമിച്ചുകൂടും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.