മനാമ: ഡിസംബർ നാലു മുതൽ 15 വരെ ബഹ്റൈനിൽ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ് നടക്കും. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 114 രാജ്യങ്ങളിൽനിന്ന് ആയിരത്തോളം അത്ലറ്റുകൾ പങ്കെടുക്കും.
ബഹ്റൈൻ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുക. കായിക മേഖലയുടെ വളർച്ചക്ക് ഹമദ് രാജാവ് നൽകുന്ന പിന്തുണയാണ് പരിപാടിക്ക് രാജ്യം ആതിഥേയത്വം വഹിക്കുന്നതിലൂടെ തെളിയിക്കപ്പെടുന്നതെന്ന് ശൈഖ് നാസർ അഭിപ്രായപ്പെട്ടു. വിഷൻ 2030ന് അനുസൃതമായി അന്താരാഷ്ട്ര കായിക വിനോദങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ബഹ്റൈൻ മാറിക്കൊണ്ടിരിക്കുകയാണ്.
ബഹ്റൈന്റെ കായിക, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ വൈവിധ്യവത്കരിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ശക്തമായ പിന്തുണയാണ് നൽകുന്നത്.
ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന സീനിയർ അത്ലറ്റുകൾക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്പിക് തല കായിക ചാമ്പ്യൻഷിപ്പാണിത്. ഈ മത്സരം രാജ്യത്തെ, ലോക കായിക ഭൂപടത്തിൽ ഇടം പിടിക്കുന്ന രീതിയിൽ മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.