ലോക മനുഷ്യത്വ ദിനം: ബഹ്‌റൈന്റെ ജീവകാരുണ്യ പ്രവൃത്തി രാജ്യത്തിനകത്തും പുറത്തും മാതൃകാപരം: ശൈഖ് നാസർ

മനാമ: ഉന്നതമായ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പരസ്പര സഹായത്തിന്റെയും കാരുണ്യത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള സുപ്രധാന അവസരമാണ് ലോക മനുഷ്യത്വ ദിനമെന്ന് രാജാവിന്റെ മാനുഷിക പ്രവർത്തന-യുവജന കാര്യ പ്രതിനിധിയും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ആഗസ്റ്റ് 19-ന് ആചരിച്ച ലോക മനുഷ്യത്വ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 25 വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ('എ ഹ്യുമാനിറ്റേറിയൻ ലെഗസി') വാർഷികാഘോഷ വേളയുമായാണ് ഒത്തുവന്നിരിക്കുന്നതെന്ന് ശൈഖ് നാസർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്ന ഹമജ് രാജാവിന്‍റെ കാഴ്ചപ്പാടാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന ശക്തമായ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ബഹ്‌റൈനിലും വിദേശത്തും ഫൗണ്ടേഷന്റെ സ്വാധീനവും പ്രവർത്തനപരിധിയും വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ പരിചരണം, ശാക്തീകരണം, ദുരിതാശ്വാസ പ്രതികരണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു മാതൃക സൃഷ്ടിക്കാൻ ഫൗണ്ടേഷന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. അപകടങ്ങളും യുദ്ധങ്ങളും പ്രതിസന്ധികളും നേരിടുന്ന രാജ്യങ്ങൾക്കും ജനങ്ങൾക്കും മാനുഷിക സഹായങ്ങളും ദുരിതാശ്വാസവും എത്തിക്കുന്നതിൽ ബഹ്‌റൈൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രിയും അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി വ്യക്തമാക്കി. കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ലോകം കെട്ടിപ്പടുക്കുന്നതിൽ ബഹ്‌റൈൻ അതിന്റെ പങ്കാളിത്തം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - World Humanitarian Day: Bahrain's charitable work at home and abroad is exemplary: Sheikh Nasser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.