പ്ലാസ്റ്റിക് ബാഗുകൾക്ക് ഇന്നുമുതൽ നിരോധനം

മനാമ: ബഹ്‌റൈനിൽ 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ നിർമ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും സുസ്ഥിരമായ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകൾ, പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന കനം കുറഞ്ഞ ബാഗുകൾ എന്നിവയുടെ നിർമ്മാണവും ഇറക്കുമതിയും വിതരണവും ഇനി അനുവദിക്കില്ല.

ഇത്തരം ബാഗുകൾക്ക് പകരമായി 57 മൈക്രോണിൽ കൂടുതൽ കനമുള്ള പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ, പൂർണ്ണമായും മണ്ണിൽ ലയിച്ചുചേരുന്ന ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ഉപയോഗിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. പുതിയ നിയമം സംബന്ധിച്ച ബോധവൽക്കരണത്തിനായി മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിനുമുമ്പ്, 2022 സെപ്റ്റംബർ 18-ന് നിലവിൽ വന്ന മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ച് 35 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിരുന്നു.

മാലിന്യ നിർമാർജനത്തിനായുള്ള ബാഗുകൾ, ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ മാലിന്യ ബാഗുകൾ, മരുന്നുകൾക്കും ഭക്ഷണ സാധനങ്ങൾക്കുമായുള്ള പ്രത്യേക പാക്കേജിംഗ്, കയറ്റുമതി ആവശ്യങ്ങൾക്കായുള്ളവ എന്നിവയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്കുകൾ തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വ്യാപാരികൾക്ക് മന്ത്രാലയം സാവകാശം നൽകിയിരുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ ബദലുകളിലേക്ക് മാറാൻ വ്യാപാരികളും ഉപഭോക്താക്കളും തയ്യാറാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അതേ സമയം ബേക്കറികളിൽ നിന്ന് റൊട്ടിയും മറ്റും വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബദലുകളെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. വീടുകളിലേക്ക് റൊട്ടി കൊണ്ടുപോകുമ്പോൾ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാൻ നിരവധി ആശയങ്ങളാണ് ഉപയോക്താക്കൾ മുന്നോട്ടുവെച്ചിട്ടുള്ളത്. റൊട്ടിയുടെ ചൂട് മാറാതെയും മൃദുത്വം നഷ്ടപ്പെടാതെയും സൂക്ഷിക്കാൻ സഹായിക്കുന്ന പ്രത്യേക എയർടൈറ്റ് കണ്ടെയ്നറുകൾ അഥവാ ഹോം ബോക്സുകൾ ഉപയോഗിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഇത് പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കുമെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Ban on plastic bags starting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.