മക്കളെ ഹോസ്റ്റലിലേക്ക് അയക്കുമ്പോൾ

പന്ത്രണ്ടാം ക്ലാസ് ബോർഡ് എക്സാം കഴിഞ്ഞു. അത്യുത്സാഹത്തോടെ വളരെ മുമ്പ് തന്നെ ഉപരിപഠനത്തിന് മക്കളെ അയക്കാനുള്ള കോളേജ് എല്ലാം പലരും നോക്കി വെച്ചിട്ടുണ്ടാകും. ചിലർ ബഹ്‌റൈനിൽ തന്നെ പഠനം തുടരാൻ തീരുമാനിക്കുമ്പോൾ മറ്റു പലരും നാട്ടിലേക്കോ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലേക്കോ അയക്കാനായിരിക്കും തീരുമാനിച്ചിരിക്കുക. മക്കൾ ദൂരെ പോയി പഠിക്കുമ്പോൾ പല മാതാപിതാക്കളും വ്യാകുലരാണ്. ഇത്രയും കാലം തങ്ങളുടെ ചിറകിനടിയിൽ സുരക്ഷിതർ അയിരുന്നവരെ വലിയൊരു ലോകത്തിലേക്ക് പറക്കാൻ വിടുകയാണ്. അവിടെ അവർ സുരക്ഷിതർ ആയിരിക്കുമോ? തൻകാര്യങ്ങൾ പ്രാപ്തിയോടെ ചെയ്യാൻ അവർക്കാകുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരിക്കും.

  • മക്കളെ ദൂരസ്ഥലങ്ങളിൽ പഠിക്കാൻ അയക്കുമ്പോൾ ശ്രദ്ധ വെക്കേണ്ട ചില കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
  • ആദ്യമായി അവർ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനെ കുറിച്ചും കോളേജിനെ കുറിച്ചും വ്യക്‌തമായ ധാരണ ഉണ്ടാവണം. കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കാൻ സാധിക്കുന്ന സ്ഥലം ആണോ എന്ന് ആദ്യം അന്വേഷിക്കണം.
  • അവിടെ തന്നെ ചേർന്ന് പഠിക്കുന്ന മക്കളുടെ കൂട്ടുകാർ ഉണ്ടെങ്കിൽ അവരുമായും അവരുടെ രക്ഷിതാക്കളുമായും സുഹൃത്ത്ബന്ധം സ്ഥാപിക്കുക. പിന്നീട് മക്കൾക്ക് പ്രശ്നങ്ങൾ ഉണ്ട് എന്ന് തോന്നുക ആണെങ്കിൽ അവരോട് കൂടി കാര്യങ്ങൾ അന്വേഷിക്കാമല്ലോ.
  • അഡ്മിഷൻ സമയത് കഴിയുമെങ്കിൽ മക്കളുടെ കൂടെ പോകണം. അപ്പോഴോ, അതല്ലെങ്കിൽ പിന്നീട് സൗകര്യം പോലെ കോളേജിൽ പോയി പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനെയും കണ്ട് സംസാരിക്കണം. വ്യക്‌തിപരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കണം.
  • മക്കളെ കഴിയുമെങ്കിൽ എല്ലാ ദിവസവും, അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം എങ്കിലും ഫോണിൽ വിളിച്ചു സംസാരിക്കണം. അങ്ങനെ വിളിച്ചു സംസാരിച്ചാൽ കാര്യങ്ങൾ തുറന്നു പറയുന്ന തരത്തിലുള്ള ആത്മബന്ധം അവർ ഹോസ്റ്റലിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഉണ്ടാക്കി എടുക്കണം. കുറെ കാശ്‌ ചിലവാക്കി പഠിക്കാൻ അയച്ചിരിക്കുകയാണ്, അതുകൊണ്ട് ഉത്തരവാദിത്വത്തോടെ പഠിക്കണം എന്ന് പറയുന്നതിനൊപ്പം പ്രശ്നങ്ങളിൽ ചെന്ന് ചാടരുത്, എന്നാൽ പ്രശ്നങ്ങൾ ഉണ്ടായാൽ നിങ്ങൾ മക്കൾക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും എന്നുള്ള ആത്മവിശ്വാസം കൂടി അവർക്ക് നൽകണം. പൂക്കോട് വെറ്റിനറി കോളേജിൽ പഠിച്ച സിദ്ധാർത്ഥിനുണ്ടായ അനുഭവം ഇനിയാർക്കും ഉണ്ടാവാതിരിക്കട്ടെ.
  • കുട്ടികൾ പഠിക്കുന്ന സ്ഥലത്, അത്യാവശ്യം വന്നാൽ സഹായിക്കാൻ പറ്റുന്ന ഒരു ബന്ധുവോ സുഹൃത്തോ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ കുട്ടികളെ അവർക്ക്‌ പരിചയപ്പെടുത്തി കൊടുക്കുക. എന്നാൽ അനാവശ്യമായി ഈ ലോക്കൽ ഗാർഡിയനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • മക്കൾ പറയുന്ന ചെറിയ പ്രശ്നങ്ങളെ അവഗണിക്കാമെങ്കിലും, അവർ ഒരേ കാര്യം തന്നെ പലവുരു പറയുമ്പോൾ അത് ഗൗരവമായി എടുക്കണം. നിങ്ങൾ പേടിച്ചു പോകും എന്ന് കരുതി ചിലപ്പോൾ അർഹിക്കുന്ന ഗൗരവത്തോടെ ആയിരിക്കില്ല അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പക്ഷെ ഒരേ തരത്തിലെ പ്രശ്നം ആവർത്തിച്ചുണ്ടാകുന്നതിന്റെ സൂചനകൾ തന്നാൽ അത് വളരെ ഗൗരവത്തോടെ എന്നാൽ അത്യധികം സംയമനത്തോടെയും, പക്വതയോടെയും കൈകാര്യം ചെയ്യാൻ സാധിക്കണം.
  • മക്കളെ ഒരു കാരണവശാലും കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കുക. അങ്ങനെ ചെയ്‌താൽ ഒരിക്കലും കാര്യങ്ങൾ അവർ തുറന്ന്‌ പറയുകയില്ല. അവിടെ നടക്കുന്നത് എന്താണ് എന്നറിയുകയാണ് പ്രധാനം. ഉപദേശങ്ങൾ കേൾക്കാൻ കുട്ടികൾ താല്പര്യം കാണിക്കില്ല. എല്ലാം കേട്ടതിന് ശേഷം ഇങ്ങനെ ചെയ്‌താൽ നന്നായിരിക്കും എന്ന് പറയുക. അല്ലാതെ നിങ്ങളുടെ അഭിപ്രായങ്ങൾ അവരുടെ മീതെ അടിച്ചേൽപിക്കാൻ ശ്രമിക്കരുത്. മുതിർന്ന മക്കളാണ്- ആ ബഹുമാനം അവർക്ക് നൽകുക, എന്നാൽ അതെ സമയം മുതിർന്നവരാണ് എന്ന് കരുതി അവരെ പേടിക്കേണ്ട കാര്യവുമില്ല.
  • ഇന്നത്തെ കാലത്ത് എല്ലാ രക്ഷിതാക്കളെയും അലട്ടുന്ന പേടിയാണ് കാമ്പസുകളിലെ മയക്കു മരുന്നിന്റെ ഉപയോഗം. ചെറിയ തോതിൽ ഉപയോഗിച്ചാൽ കുഴപ്പമില്ല, കൂടുതൽ കാര്യക്ഷമതയോടെ പഠിക്കാൻ സാധിക്കും എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചാണ് ആദ്യമായി ഇതുപയോഗിക്കാൻ കൊടുക്കുക. മയക്കു മരുന്നിൻറെ ദൂഷ്യവശങ്ങൾ ഹോസ്റ്റലിൽ പോകുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.
  • ഹോസ്റ്റലിൽ പോകുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • പെട്ടെന്ന് കിട്ടിയ സ്വാതന്ത്രത്തിൽ മതിമറന്ന്‌ പെരുമാറി അബദ്ധങ്ങളിൽ ചാടാതിരിക്കുക.
  • ആദ്യവർഷം സീനിയർ വിദ്യാർത്ഥികളുടെ ശ്രദ്ധാകേന്ദ്രം ആവാതിരിക്കാൻ വളരെ ലോ പ്രൊഫൈൽ നിലനിർത്തുക. നിങ്ങളുടെ കഴിവുകൾ എല്ലാം രണ്ടാം വർഷത്തോടെ പുറത്തെടുക്കാം. ആദ്യവർഷം തന്നെ ഇവനെ ഒരു പാഠം പഠിപ്പിക്കണം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റത്തിനോ, ഹീറോയിസത്തിനോ മുതിരാതിരിക്കുക.
  • എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുക. ആരെയും പെരുമാറ്റം കൊണ്ട് മുഷിപ്പിക്കാതിരിക്കുക. എന്നാൽ സുഹൃത്തുക്കളെ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക.
  • •സീനിയർ വിദ്യാർത്ഥികളോട് ഒരു പരിധിയിൽ അധികം അടുക്കാതിരിക്കുക. നിങ്ങളുടെ ബാച്ചിലെ കുട്ടികളായിരിക്കണം നിങ്ങളുടെ കൂട്ടുകാർ.
  • പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാതാപിതാക്കളോട് തുറന്ന് പറയുക. നിങ്ങളുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ അവരാണ് എന്ന് മനസിലാക്കുക. ആദ്യം ദേഷ്യപ്പെട്ടാലും കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ തീർച്ചയായും നിങ്ങളുടെ സഹായത്തിന് അവർ ഓടി എത്തും. അതെ സമയം നിസ്സാര പ്രശ്നങ്ങൾ പറഞ്ഞു അവരുടെ മനസമാധാനം കളയാതിരിക്കുക.
  • ഒരു കാരണവശാലും ഒരിക്കൽ പോലും മയക്ക് മരുന്ന് ഉപയോഗിക്കാതിരിക്കുക. പഠിക്കാനാണ് നിങ്ങൾ പോയിരിക്കുന്നത് എന്ന ബോധം മനസ്സിൽ എപ്പോഴും ഉണ്ടായിരിക്കണം.

അവസാനമായി ഒരു കാര്യം കൂടി. ഈ ലോകത്തു എല്ലാം തികഞ്ഞ, തെറ്റുകളും കുറവുകളും ഇല്ലാത്ത ഒരു അച്ഛനും, അമ്മയും, മക്കളും ഇല്ല. തെറ്റുകളിൽ, അബദ്ധങ്ങളിൽ ചെന്ന് ചാടിയാൽ അതിന് സ്വയം കുറ്റപ്പെടുത്താതിരിക്കുക. മക്കൾ അച്ഛനമ്മമാരെയും, അച്ഛനമ്മമാർ മക്കളെയും കുറ്റപ്പെടുത്താതിരിക്കുക. ചെറിയൊരു ജീവിതം അറിഞ്ഞു കൊണ്ട് തെറ്റുകൾ ചെയ്യാതെ സന്തോഷത്തോടെ, ഉത്തരവാദിത്വബോധത്തോടെ നമുക്ക് ജീവിക്കാം. തെറ്റുകളിൽ നിന്ന് ശരിയും, ശരികളിൽ നിന്ന് കൂടുതൽ ശരികളും പഠിച്ചു നമുക്ക് മുന്നേറാം.

സുജ ജെ.പി. മേനോൻ, ഡയറക്ടർ, യൂനി ഗ്രാഡ് എഡ്യൂക്കേഷൻ സെന്റർ

Tags:    
News Summary - Things to take care while sending children to hostels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.