മനാമ: അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം പിടിച്ചുനിർത്താനും ആവശ്യത്തിനുള്ള സ്റ്റോക്ക് ഉറപ്പാക്കാനും സാധിച്ചതായി മന്ത്രിസഭ യോഗം വിലയിരുത്തി. മാർക്കറ്റിലെ ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ചുള്ള നടപടികൾ സ്വീകരിച്ച വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ വ്യാപാരികളുടെ ശ്രമങ്ങളും നിലപാടുകളും ഏറെ ഗുണകരമായിരുന്നുവെന്നും വിലയിരുത്തി. സർക്കാർ, ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള പദ്ധതികൾ വിലയിരുത്തി തുടർനടപടി സ്വീകരിക്കാൻ തീരുമാനിച്ചു. രാജ്യത്തെ നിക്ഷേപ, വ്യാപാര സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാറിന്റെ പ്രവർത്തന മികവ് വലിയ പങ്കുവഹിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു.
സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന 16 പദ്ധതികളുടെ പ്രവർത്തന പുരോഗതി മന്ത്രിസഭ വിലയിരുത്തി. ആകെ 27 പദ്ധതികളാണ് നടപ്പാക്കുന്നത്. പേയ്മെൻറ് സംവിധാനത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജി.സി.സി തലത്തിലുള്ള സംയുക്ത കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. യുവസംരംഭകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് യുവജന, കായിക മന്ത്രാലയവും പേൾ ഇനീഷ്യേറ്റിവും തമ്മിൽ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
വിദേശ രാജ്യങ്ങളിൽ ഓണററി കോൺസുലേറ്റ് ആരംഭിക്കുന്നതിനുള്ള വിദേശകാര്യ മന്ത്രിയുടെ നിർദേശം അംഗീകരിക്കപ്പെട്ടു. യമനിലെ സമാധാന പാലനത്തിനായി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.