മനാമ സൂഖ് നവീകരണപുരോഗതി വിലയിരുത്താൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽനിന്ന്

മനാമ സൂഖ് നവീകരണം ശൈത്യകാലത്തിനുമുമ്പ് പൂർത്തീകരിക്കും

മനാമ: മനാമ സൂഖ് നവീകരണപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും അടുത്ത ശൈത്യകാലത്തിനുമുമ്പ് പൂർത്തീകരിക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ ഖാഅദി പറഞ്ഞു. സൂഖ് നവീകരണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാലത്താണ് സന്ദർശകർ കൂടുതലായി സൂഖിൽ എത്തുന്നത്. ഇതിന് മുന്നോടിയായി നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മനാമ മാർക്കറ്റിൽ വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഡോ. ഖാഅദി പറഞ്ഞു. ബാബുൽ ബഹ്റൈൻ ഫാഷൻ ഷോയും മനാമ ഗോൾഡ് ഫെസ്റ്റിവലും വൻ വിജയമായിരുന്നു. നിരവധി സന്ദർശകരെ ആകർഷിക്കാൻ ഈ പരിപാടികൾക്ക് കഴിഞ്ഞു. മനാമ സൂഖിനെ ആളുകൾക്ക് പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച ടൂർ പരിപാടികളിലും നിരവധി സന്ദർശകർ പങ്കെടുത്തു. ഇത്തരം ടൂർ പരിപാടികൾ തുടർന്നും നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മനാമ സൂഖിലെ ചരിത്രപരമായ കഫേകളും പൊതുയിടങ്ങളും നവീകരിക്കാനും പദ്ധതിയുണ്ട്. പഴയ മുനിസിപ്പൽ സ്ക്വയർ, തവാവീഷ് സ്ക്വയർ എന്നിവിടങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. മനാമ സൂഖ് ഡെവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സൂഖിന്റെ തനിമയും ചരിത്രപരവും മതപരവുമായ വാണിജ്യപരവുമായ സവിശേഷതകളും സംരക്ഷിച്ച് നവീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ സന്ദർശകർ എത്തുമെന്ന് കമ്മിറ്റി അംഗം ഇബ്രാഹീം ദാവൂദ് നുനോ പറഞ്ഞു.

Tags:    
News Summary - Bahrain Tourism and Exhibition Authority meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.