അങ്ങനെ 2025 മേയ് എട്ടാം തീയതി വത്തിക്കാനിൽ വീണ്ടും ‘വെള്ളപ്പുക’യുയർന്നു! ‘ഹാബേമുസ് പാപ്പാം !’ ( we have a pope! ) എന്ന് പ്രഘോഷിച്ചു കൊണ്ട് പള്ളി മണികൾ മുഴങ്ങി. ആഗോള കത്തോലിക്കാ സഭയുടെ 267ാ മത്തെ വലിയ ഇടയനായി റോബർട്ട് ഫ്രാൻസിസ് പ്രിവോസ്ത് എന്ന അമേരിക്കൻ കർദിനാൾ തെരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമൻ എന്ന പേരാണ് പുതിയ പാപ്പ സ്വീകരിച്ചത്.
ചരിത്ര പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പാണിത്. അമേരിക്കയിൽ നിന്നുമുള്ള ആദ്യത്തെ പോപ്പാണ് ലിയോ 14ാമൻ. എങ്കിലും അമേരിക്കക്കുമാത്രം അവകാശപ്പെടാവുന്ന വ്യക്തിയല്ല ലിയോ. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ കൂടി പൗരനാണ് അദ്ദേഹം. അമേരിക്കയിലും പെറുവിലും ഇറ്റലിയിലും നീണ്ട കാലം ജീവിച്ചിട്ടുള്ള, വത്തിക്കാനും ലോകവും നന്നായറിയാവുന്ന, ഒരു വിശ്വപൗരനാണ് ആഗോള സഭയുടെ പുതിയ ആത്മീയ ആചാര്യൻ.
അദ്ദേഹം പെറുവിൽ ബിഷപ് ആയിരുന്ന കാലത്ത് അവിടത്തെ ദരിദ്രരുമായി വളരെ അടുത്ത് ഇടപഴകുകയും അവർക്കുവേണ്ടി വളരെയധികം കാരുണ്യ പ്രവൃത്തികൾ നടത്തുകയുമുണ്ടായി. അതുകൊണ്ടു തന്നെ പെറുവിലെ മനുഷ്യർക്കിടയിൽ അദ്ദേഹം ‘പാവങ്ങളുടെ മെത്രാൻ’, ‘വടക്കു നിന്നുള്ള വിശുദ്ധൻ’ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
‘ലിയോ’ എന്ന പേരിന്റെ ഉത്ഭവം ലാറ്റിൻ ഭാഷയിൽ നിന്നാണ്. സിംഹം എന്നാണ് അതിനർഥം. ശക്തിയുടെയും ആത്മ ധൈര്യത്തിന്റെയും ലീഡർഷിപ്പിന്റെയും പ്രതീകമായ സിംഹം! പോപ് ഫ്രാൻസിസ് വെട്ടി ത്തെളിച്ച ‘ഫ്രാൻസിസ്കൻ ഹൃദയ വിപ്ലവപാത’യിലൂടെ ആഗോള സഭയെയും മാനവരാശിയെയും നയിക്കാൻ മേൽപറഞ്ഞ ഗുണങ്ങളെല്ലാം പുതിയ ഇടയന് ആവശ്യമായി വരും.
അത് അദ്ദേഹത്തിനുണ്ടെന്ന ബോധ്യത്താൽ ആയിരിക്കണം 2023ൽ ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ കർദിനാളായി തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ. എങ്കിലും അതിന്റെ തലവനായ പോപ്പിന്റ വാക്കുകൾക്ക് ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ വിലയും സ്വാധീനവുമുണ്ട് .
ഫ്രാൻസിസ് പാപ്പയും അദ്ദേഹത്തിന്റെ പല മുൻഗാമികളും അത് തെളിയിച്ചിട്ടുള്ളതാണ്. ലോക സമാധാനത്തിനും മാനവ സഹോദര്യത്തിനുംവേണ്ടി ഉറക്കെ ശബ്ദിക്കാൻ പോപ്പ് ലിയോക്കും കഴിയട്ടെ!
പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ഗർജിക്കുന്നൊരു ‘സ്നേഹ സിംഹ’മാവാൻ പോപ്പ് ലിയോ പ്രാപ്തനാവട്ടെ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.