രാജ്യത്തെ പ്രധാന റോഡിലൂടെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ പോലുള്ള വാഹനം.
മനാമ: ദിയാർ അൽ മുഹറഖിൽ റോഡിൽ അനധികൃതമായി ഓടിച്ച ഓട്ടോറിക്ഷക്ക് സമാനമായ മുച്ചക്ര വാഹനം പിടിച്ചെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വാഹനം ഓടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപടി. ബഹ്റൈനിലെ അംഗീകൃത സുരക്ഷ ചട്ടങ്ങളും സംവിധാനങ്ങളും പാലിക്കാത്ത ഈ വാഹനം പിടിച്ചെടുക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ചില രാജ്യങ്ങളിൽ ഹ്രസ്വദൂര ഗതാഗതത്തിനായി സാധാരണയായി ഉപയോഗിക്കുന്ന ഈ ചെറിയ, ഓപൺ എയർ മോട്ടോർ ട്രൈസൈക്കിളുകൾക്ക് ബഹ്റൈനിൽ റോഡ് ഉപയോഗത്തിന് അനുവാദമില്ല. വിഡിയോ വ്യാപകമായതിനെ തുടർന്ന്, സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ ടുക് ടുക്കുകൾ പൂർണമായി നിരോധിക്കാൻ നിർദേശിച്ചതായി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.നിർദേശത്തോടൊപ്പമുള്ള വിശദീകരണ കുറിപ്പ് അനുസരിച്ച്, പൊതു റോഡുകളിൽ ഈ വാഹനം ഉപയോഗിക്കുന്നത് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടകരമാണ്. കാരണം, ഈ വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റുകൾ, ഉറപ്പുള്ള ഫ്രെയിം, മതിയായ ലൈറ്റിങ്, സിഗ്നലിങ് ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സുരക്ഷ സംവിധാനങ്ങളില്ല.
ബഹ്റൈനിലെ ഗതാഗത സംവിധാനവുമായി ഈ വാഹനങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നും, രാജ്യത്തിന്റെ നിയമപരവും സാങ്കേതികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ പൊതു ഇടങ്ങളിൽ പ്രവർത്തിക്കാൻ അനുവാദമുള്ളൂവെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.