ബാർബാറിലെ ചരിത്രസ്മാരകം
മനാമ: ബാർബാറിലെ ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നോർത്തേൻ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. രാജ്യത്തെ പൗരാണിക സ്മാരകങ്ങൾ സംരംക്ഷിക്കുന്നതിെന്റ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സാംസ്കാരിക, പൈതൃക വിനോദ സഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് 12 അംഗ കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു.
പ്രദേശത്തുനിന്നുള്ള കൗൺസിലർ ഡോ. സഈദ് ശുബ്ബാർ അൽവിദാഈയാണ് നിർദേശം സമർപ്പിച്ചത്. ദിൽമൺ കാലഘട്ടത്തിലെ മൂന്ന് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ആദ്യത്തെ ക്ഷേത്രത്തിന് 3000 വർഷം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 500 വർഷത്തിന് ശേഷമാണ് രണ്ടാമത്തെ ക്ഷേത്രം നിർമിച്ചത്. ബി.സി 2000നും 2100നും ഇടയിലാണ് മൂന്നാമത്തെ ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു.
ബാർബാറിലെ ചരിത്ര സ്മാരകത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് ഡോ. അൽവിദാഈ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിൽനിന്നും നാശനഷ്ടത്തിൽനിന്നും സ്മാരകം സംരക്ഷിക്കേണ്ടതുണ്ട്. ബാർബാറിലെ പൗരാണിക കേന്ദ്രത്തിന്റെ സംരക്ഷണത്തിന് സ്വകാര്യ മേഖലയുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാനുള്ള നിർദേശം സമർപ്പിച്ചിട്ടുണ്ട്.
ക്ഷേത്രാവശിഷ്ടങ്ങൾ പ്രതികൂല കാലാവസ്ഥയിൽനിന്ന് സംരക്ഷിക്കുന്നതിന് ഒരു കെട്ടിടം നിർമിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. പഠനത്തിനും വിനോദ സഞ്ചാരത്തിനും മറ്റുമായി എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, സന്ദർശകർക്ക് വിശ്രമകേന്ദ്രം, സംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പ്രത്യേക സ്ഥലം എന്നിവയും കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.