ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ

ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പ് സൈറണുകൾ അവഗണിക്കരുത്: ജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി

മനാമ: സൈറണുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ. സുഹൃത്തുക്കൾക്കൊപ്പം കൂടിയിരിക്കുമ്പോഴോ ശ്രദ്ധക്കുറവോ കാരണം സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പ്രവണതക്കെതിരെ ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹർ രംഗത്തെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമാൻ' സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരും സുരക്ഷ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നില്ലല്ലോ എന്നു കരുതി നിങ്ങളും അതിനെ അവഗണിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യരുടെ പ്രതികരണശേഷി കുറയുന്നതിനെക്കുറിച്ച് മനശാസ്ത്രത്തിലും സമൂഹശാസ്ത്രത്തിലും പ്രതിപാദിക്കുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളെ 'ഇമോഷണൽ നംബ്‌നെസ്' അഥവാ 'എംപതി ഫാറ്റിഗ്' എന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും സുരക്ഷക്കാണ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നതെന്നും ഈ മുന്നറിയിപ്പുകൾ എല്ലാവരുടെയും നന്മക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

നടക്കാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണികളോ പ്രാദേശിക അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ആഭ്യന്തര മന്ത്രാലയം നൽകുന്ന ഔദ്യോഗിക പൊതുസുരക്ഷാ മുന്നറിയിപ്പുകളാണ് സൈറൺ അലേർട്ടുകൾ. തത്സമയ ഭീഷണികളെക്കുറിച്ചുള്ള സന്ദേശങ്ങൾ നൽകുന്ന ഈ സൈറണുകൾ മൊബൈൽ ഫോൺ നോട്ടിഫിക്കേഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. മിസൈൽ ആക്രമണങ്ങളോ ഡ്രോണോ പോലുള്ളവയുടെ അപകടങ്ങളെ സൂചിപ്പിക്കുന്ന ഇത്തരം സൈറൺ ശബ്ദങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഇവ അവഗണിക്കുന്നത് കനത്ത പരിക്കുകൾക്കോ ജീവഹാനിക്കോ കാരണമായേക്കാം.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടഞ്ഞാൽ പോലും, അവയുടെ അവശിഷ്ടങ്ങളും ലോഹക്കഷണങ്ങളും വലിയ തോതിൽ താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. അതിനാൽ വെളിയിലോ ജനലുകൾക്ക് സമീപത്തോ നിൽക്കുന്നത് ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തും. സൈറണുകൾ മുഴങ്ങുമ്പോൾ സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറാൻ ജനങ്ങൾക്ക് കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുക. ലാൻഡിങ് സമയത്തുണ്ടാകുന്ന സ്ഫോടനങ്ങളും തീപിടുത്തങ്ങളും ഒഴിവാക്കാൻ വീടുകൾക്കുള്ളിൽ തന്നെ തുടരേണ്ടതാണ്.

ഫോണിൽ അലേർട്ട് കേൾക്കുമ്പോഴോ സൈറൺ മുഴങ്ങുമ്പോഴോ ആരും പുറത്തിറങ്ങരുതെന്നും, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ റോഡുകളിലേക്കോ തുറന്ന മേൽക്കൂരകളിലേക്കോ കാഴ്ച കാണാൻ പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യോമ പ്രതിരോധ സേനയുടെ ധീരതയെ അഭിനന്ദിച്ച കേണൽ ഡോ. ഒസാമ ബഹർ, 'ഓൾ ക്ലിയർ' സന്ദേശം ലഭിക്കുന്നത് വരെ കുടുംബങ്ങൾ സുരക്ഷിതരായിരിക്കണമെന്നും ഓർമ്മിപ്പിച്ചു. എവിടെയെങ്കിലും ലോഹാവശിഷ്ടങ്ങൾ കണ്ടാൽ തൊടുകയോ മാറ്റുകയോ ചെയ്യാതെ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ബഹ്‌റൈനിൽ അടിയന്തര ഘട്ടങ്ങളിൽ രണ്ട് തരത്തിലുള്ള സൈറൺ മുന്നറിയിപ്പുകളാണ് ഉപയോഗിക്കുന്നത്. ദീർഘനേരം ഒരേ ശബ്ദത്തിൽ മുഴങ്ങുന്ന സൈറൺ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും വീടുകൾക്കുള്ളിൽ തന്നെ തുടരാനുമുള്ള നിർദ്ദേശമാണ് നൽകുന്നത്. അതേസമയം, ശബ്ദം ക്രമേണ കുറഞ്ഞു നിലയ്ക്കുന്ന സൈറൺ സൂചിപ്പിക്കുന്നത് അപകടാവസ്ഥ കഴിഞ്ഞുവെന്ന 'ഓൾ ക്ലിയർ' സന്ദേശമാണ്. എങ്കിൽ പോലും ജനങ്ങൾ ജാഗ്രത തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags:    
News Summary - 'Do not ignore safety warning sirens' says Hidd Police Station Head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.