ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ റാഷ്‌ഫോർഡ് എൻഡുറൻസ് മത്സരത്തിനിടെ

യു.കെയിൽ നടന്ന 120 കിലോമീറ്റർ എൻഡുറൻസ് റേസിൽ ശൈഖ് നാസറിന് കിരീടം

മനാമ: ബ്രിട്ടനിൽ നടന്ന റാഷ്‌ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ റേസിൽ കിരീടം സ്വന്തമാക്കി റോയൽ എൻഡുറൻസ് ടീം ക്യാപ്റ്റനും, മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. വിവിധ റൈഡർമാർ പങ്കെടുത്ത മത്സരത്തിലെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ശൈഖ് നാസർ ബിൻ ഹമദ് ഒന്നാം സ്ഥാനം നേടിയത്. ഈ വിജയം വരാനിരിക്കുന്ന പ്രധാന ചാമ്പ്യൻഷിപ്പുകളിൽ ടീമിന് വലിയ പ്രചോദനമാകുമെന്ന് ശൈഖ് നാസർ പറഞ്ഞു.

അന്താരാഷ്ട്ര വേദികളിൽ ബഹ്‌റൈൻ എൻഡുറൻസ് റേസിങ്ങിന്റെ സ്ഥാനം ഉയർത്തിക്കാട്ടുന്നതിന് ഈ വിജയം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ്​ ചെയർമാനുമായ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫയും, സുപ്രീം കൗൺസിൽ ഫോർ എൻവിറോൺമെന്റ് വൈസ് പ്രസിഡന്റും, റാശിദ് എക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനും, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് അംഗവുമായ ശൈഖ് ഫൈസൽ ബിൻ റാശിദ് അൽ ഖലീഫയും മത്സരം കാണാൻ എത്തിയിരുന്നു.

ഈ മത്സരത്തിലൂടെ ടീമിലെ റൈഡർമാർക്ക് കൂടുതൽ അനുഭവസമ്പത്തും പ്രൊഫഷണൽ പരിശീലനവും നേടാനായി. ഇത് അവരുടെ ഭാവി പ്രകടനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ശൈഖ് നാസർ വ്യക്തമാക്കി. മത്സരത്തിൽ വിജയിച്ച മറ്റ് റൈഡർമാരെയും അദ്ദേഹം അഭിനന്ദിച്ചു. മത്സരത്തിൽ യു.എ.ഇയിൽ നിന്നുള്ള അബ്ദുല്ല അൽ ബസ്തക്കി രണ്ടാം സ്ഥാനവും, എം.ആർ.എം ടീമിലെ സിങ് മൂന്നാം സ്ഥാനവും നേടി.

100 കിലോമീറ്റർ റേസിൽ റോയൽ എൻഡുറൻസ് ടീമിനുവേണ്ടി സുഹൈർ മുഹമ്മദ് രണ്ടാം സ്ഥാനവും, ആസിം ജനാഹി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 160 കിലോമീറ്റർ റേസിൽ യു.എ.ഇയിൽ നിന്നുള്ള ഹമദ് അൽ കാബി ഒന്നാം സ്ഥാനവും, സഹതാരം സെയ്ഫ് അൽ മസ്‌റൂയി രണ്ടാം സ്ഥാനവും നേടി. റോയൽ ടീം റൈഡറായ മുഹമ്മദ് അബ്ദുൽ സമദ് ഈ ഇനത്തിൽ മൂന്നാം സ്ഥാനത്തെത്തി.

Tags:    
News Summary - Sheikh Nasser wins 120km endurance race in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.