മനാമ: കുട്ടികൾക്ക് പുകയില ഉൽപന്നങ്ങളും ഇലക്ട്രോണിക് വേപ്പുകളും വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടികളുമായി ബഹ്‌റൈൻ സർക്കാർ. വിലകുറഞ്ഞ പോഡ് റീഫില്ലുകൾ ഉൾപ്പെടെയുള്ളവ കുട്ടികളിലേക്ക് എത്തുന്നതു തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ബില്ലിന്മേലുള്ള ചർച്ചകൾ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നടക്കുമെന്ന് പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എം.പി. മുഹമ്മദ് മൂസ അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില, വേപ്പ്, ഇലക്ട്രോണിക് ഷിഷ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള നിയമപ്രകാരം കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാണെങ്കിലും, കുറഞ്ഞ പിഴ 100 ദീനാർ മാത്രമാണ്. എന്നാൽ പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1,000 ദീനാർ വരെയായി ഉയരും. കൂടാതെ, നിയമലംഘനം ആവർത്തിക്കുന്ന കടകൾ സ്ഥിരമായി പൂട്ടിടുകയും ചെയ്യും.
കുട്ടികൾക്കിടയിൽ ഇത്തരം ഉൽപന്നങ്ങളുടെ ലഭ്യത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയമനിർമാണവുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി റീട്ടെയിൽ കടകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും, വിൽപന സംബന്ധിച്ച വിവരങ്ങളും ദൃശ്യങ്ങളും കൃത്യമായി സൂക്ഷിക്കണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. സംശയകരമായ സാഹചര്യങ്ങളിൽ അധികൃതർക്ക് ഈ രേഖകൾ പരിശോധിക്കാൻ സാധിക്കും. നീതി മന്ത്രിയും ഇസ് ലാമിക കാര്യ-വഖഫ് മന്ത്രാലയവും ഇതിനകം തന്നെ കരട് ബില്ലിന് അംഗീകാരം നൽകിയിട്ടുണ്ട്.
അന്തിമ രൂപമാറ്റത്തിനായി ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ബിൽ, അടുത്ത നിയമസഭ സമ്മേളനത്തിൽ ചർച്ചയ്ക്കായി സമർപ്പിക്കും. കുട്ടികളെ ഇത്തരം ദോഷകരമായ ശീലങ്ങളിൽ നിന്നും സംരക്ഷിക്കാൻ ശക്തമായ ശിക്ഷാ നടപടികൾ അനിവാര്യമാണെന്ന് നിയമ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.