ബഹ്‌റൈൻ തീരങ്ങളിൽ സ്രാവുകളെ സംരക്ഷിക്കാൻ നൂതന പദ്ധതിയുമായി ഗവേഷകർ

മനാമ: ബഹ്‌റൈൻ സമുദ്രത്തിലെ സ്രാവ് വർഗങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ശാസ്ത്രീയ മാർഗങ്ങളുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഇ.ഡി.എൻ.എ സാങ്കേതികവിദ്യയും അണ്ടർവാട്ടർ വിഡിയോ സംവിധാനങ്ങളും ഉപയോഗിച്ചാണ് രാജ്യത്തിന്റെ സമുദ്രജലത്തിലെ സ്രാവുകളുടെ സാന്നിധ്യവും അവ നേരിടുന്ന വെല്ലുവിളികളും ഗവേഷകർ പഠനവിധേയമാക്കുന്നത്. ബഹ്‌റൈൻ വെള്ളത്തിൽ ഏകദേശം 70-ഓളം സ്രാവ് വർഗങ്ങൾ വസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

അറബിക്കടലിലും ഗൾഫ് മേഖലയിലും തിമിംഗല സ്രാവുകൾ, സ്രാവിന്റെ വിവിധ ഇനങ്ങൾ, സർപ്പമീനുകൾ എന്നിവയുൾപ്പെടെയുള്ള സമുദ്ര ജീവികൾ വസിക്കുന്നുണ്ടെങ്കിലും പലതും കൃത്യമായി പഠനം നടക്കാത്തവയാണ്.

ഡെറാസത്ത് ഗവേഷകയായ സവ്സാൻ ഖലഫിന്റെ പഠനപ്രകാരം, സ്രാവുകൾ നേരിടുന്ന പ്രധാന വെല്ലുവിളി വിവരങ്ങളുടെ ലഭ്യതക്കുറവാണ്. മീൻപിടുത്ത വിപണിയിൽ നടത്തിയ സർവ്വേകളിൽ ആയിരക്കണക്കിന് സ്രാവുകളെ വലകളിൽ കുടുങ്ങി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സാമാധാനപരമായി വളരുന്ന ഈ ജീവികൾ പ്രായപൂർത്തിയാകാൻ വർഷങ്ങളെടുക്കുമെന്നതിനാൽ അമിതമായ മത്സ്യബന്ധനം അവയുടെ നിലനിൽപ്പിന് വലിയ ഭീഷണിയാണ്.

ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 'നുവത്ത്' റിസർച്ച് ആൻഡ് കൺസർവേഷൻ ഓർഗനൈസേഷൻ സി.ഇ.ഒ റീം അൽമുല്ലയുടെ നേതൃത്വത്തിൽ സ്രാവുകളുടെ വിതരണവും ആവാസവ്യവസ്ഥയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

സ്രാവുകളുടെ സാന്നിധ്യം കണ്ടെത്താൻ ജലത്തിൽ നിന്നുള്ള ഡി.എൻ.എ പരിശോധനയും അണ്ടർവാട്ടർ കാമറ സംവിധാനങ്ങളുമാണ് ഇവർ ഉപയോഗിക്കുന്നത്. പ്രാദേശിക സമൂഹങ്ങളുടെ സഹകരണത്തോടെ 'തദ്വീൻ' എന്ന പ്ലാറ്റ്‌ഫോം വഴി സമുദ്ര ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും പദ്ധതിയുണ്ട്. തീരദേശത്തെ സ്രാവുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായുള്ള ബോധവൽക്കരണ സെമിനാറുകൾ ഇന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ നേതൃത്വത്തിൽ നടക്കും. പരിസ്ഥിതി വിദഗ്ധ ജവാഹിർ ബുനജ്മ സെമിനാറിൽ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കും.

Tags:    
News Summary - Researchers come up with innovative plan to protect sharks off Bahrain's coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.