മനാമ: ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടന്നു വന്ന രണ്ടാമത് കുട്ടികളുടെ സാംസ്കാരിക പരിപാടി വിജയകരമായി സമാപിച്ചു. ബഹ്റൈൻ സംസ്കാര-പുരാവസ്തു അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രായത്തിലുള്ള നൂറിലധികം കുട്ടികളും യുവജനങ്ങളും പങ്കെടുത്ത പരിപാടിയിൽ ദേശീയ പൈതൃകം, ചരിത്രം, കലകൾ, കരകൗശല വസ്തുക്കൾ എന്നിവ പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. മ്യൂസിയം രംഗത്തെയും ദേശീയ പൈതൃകത്തിലെയും വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ബഹ്റൈൻ ജനതയുടെ കടലുമായുള്ള ദീർഘകാല ബന്ധവും, വീടുകൾ നിർമിക്കാനും ഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഈന്തപ്പനയുടെ ചരിത്രപരമായ പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു.
മൺപാത്ര നിർമാണം, ബഹ്റൈനി പലഹാരങ്ങളുടെ നിർമാണം തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ കുട്ടികൾ നേരിട്ട് കണ്ടറിഞ്ഞു. ദിൽമൂൻ ഖബർ സ്ഥാനുകളുടെ രഹസ്യങ്ങൾ, പുരാവസ്തു സൈറ്റ് ഇൻസ്പെക്ടർ സെഷൻ എന്നിവക്ക് പുറമെ, മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഖൽഅത് അൽ-ബഹ്റൈനിലെ അനുഭവങ്ങൾ കുട്ടികൾക്ക് പുതിയ അറിവുകൾ പകർന്നുനൽകി. കൂടാതെ ഖൽഅത് അൽ-ബഹ്റൈൻ സൈറ്റ് മ്യൂസിയം, അൽ ജസ്ര ഹാൻഡിക്രാഫ്റ്റ്സ് സെന്റർ, ആലിയിലെ പരമ്പരാഗത മൺപാത്ര നിർമാണശാല, ഷുവൈറ്റർ സ്വീറ്റ്സ് ഫാക്ടറി എന്നിവിടങ്ങളിലേക്ക് പ്രത്യേക പഠനയാത്രകളും സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളിൽ ദേശസ്നേഹവും രാജ്യത്തിന്റെ ചരിത്രത്തോടുള്ള ആദരവും വളർത്താൻ സഹായിക്കുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.