മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം നടത്തുന്ന പതിമൂന്നാമത് ശാസ്ത്രപ്രതിഭ പരീക്ഷയുടെ രജിസ്ട്രേഷൻ സെപ്റ്റബർ 30ന് അവസാനിക്കും. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അതത് സ്കൂളുകൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ വർഷം മുതൽ ഇന്ത്യയിൽ നടക്കുന്ന വിദ്യാർഥി വിജ്ഞാൻ മംത്ഥൻ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥികളുമായി ശാസ്ത്രപ്രതിഭകൾക്ക് മത്സരിക്കാൻ അവസരമുണ്ടായിരിക്കും. ശാസ്ത്രപ്രതിഭ പരീക്ഷയിൽ ഗൾഫ് മേഖലയിൽനിന്ന് 75,000 വിദ്യാർഥികൾ പങ്കെടുക്കും.
ഇത്തവണ ഗ്രേഡ് അടിസ്ഥാനത്തിലാണ് ശാസ്ത്രപ്രതിഭ പരീക്ഷ നടക്കുന്നത്. ആറു മുതൽ പതിനൊന്നുവരെയുള്ള ക്ലാസുകളിൽ ഓരോ ഗ്രേഡിലെയും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന രണ്ട് വിദ്യാർഥികളെ ശാസ്ത്രപ്രതിഭകളായി തെരഞ്ഞെടുക്കും. ഇവർക്ക് ഇന്ത്യയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ മത്സരിക്കാൻ അവസരം ലഭിക്കും. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, ബ്രഹ്മോസ്, ബി.എച്ച്.എ.എൽ തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന 'ശാസ്ത്രയാൻ ' സംഘത്തിലും ശാസ്ത്രപ്രതിഭകളെ ഉൾപ്പെടുത്തും. ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിൽ ഹ്രസ്വകാല ഇന്റേൺഷിപ് ചെയ്യാനുള്ള അവസരം ലഭിക്കും.
ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഒന്നാംഘട്ടം നവംബർ എട്ടിന് ഓൺലൈൻ ആയാണ് നടക്കുക. രണ്ടാം ഘട്ടം നവംബർ അവസാന വാരവും അവസാനഘട്ടം ഡിസംബർ ആദ്യ വാരവും നടക്കുമെന്ന് സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് കെ.എസ്. അനിലാൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശാസ്ത്രപ്രതിഭ പരീക്ഷക്ക് പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ അതത് സ്കൂളിലെ സയൻസ് ഡിപ്പാർട്മെന്റുമായി സെപ്റ്റംബർ 30ന് മുമ്പ് ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.