രാവിലെ ബഹ്റൈന്‍റെ ആകാശത്ത് കണ്ട 'ഷെൽഫ് ക്ലൗഡ്'
ബഹ്‌റൈനിൽ ആകാശത്ത് അപൂർവ 'ഷെൽഫ് ക്ലൗഡ്'
മനാമ: ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ആകാശത്ത് അപൂർവമായ 'ഷെൽഫ് ക്ലൗഡ്' ദൃശ്യമായതായി പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. വഹീബ് ഈസ അൽ നാസർ വ്യക്തമാക്കി. കൊടുങ്കാറ്റിന്‍റെ മുന്നോടിയായി കാണപ്പെടുന്ന സവിശേഷമായ ഈ മേഘരൂപം പ്രകൃതിയിലെ അതിശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ലക്ഷണമാണെന്ന് അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ആകാശത്ത് ഒരു തട്ട് തൂക്കിയിട്ടിരിക്കുന്നത് പോലെ തിരശ്ചീനമായി കാണപ്പെടുന്ന താഴ്ന്ന നിലയിലുള്ള കട്ടിയേറിയ മേഘങ്ങളാണ് 'ഷെൽഫ് ക്ലൗഡ്'. ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും കൊടുങ്കാറ്റിന്‍റെ മുൻഭാഗത്തുള്ള തണുത്ത വായു താഴേക്ക് പതിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം മേഘങ്ങൾ രൂപപ്പെടുന്നത്. ഇത് സാധാരണയായി അതിശക്തമായ ഇടിമിന്നൽ മേഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഷെൽഫ് ക്ലൗഡ് ദൃശ്യമാകുന്നത് കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. കാറ്റിന്‍റെ വേഗത വർധിക്കുക, താപനില പെട്ടെന്ന് താഴുക, കനത്ത മഴ എന്നിവ ഇതിന്‍റെ ഫലമായി ഉണ്ടാകാം. ഇന്ന് പുലർച്ചെ രാജ്യത്തുണ്ടായ കനത്ത മഴ ഈ പ്രതിഭാസത്തിന്‍റെ തുടർച്ചയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ബഹ്‌റൈനിലെ കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.