മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് ആഗസ്റ്റ് 7-ന് (വെള്ളിയാഴ്ച) സൽമാനിയ ബ്ലഡ് ബാങ്കിൽ നടക്കും. രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ നടക്കുന്ന ക്യാമ്പിൽ അസോസിയേഷൻ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.
ബഹ്റൈനിലെ ആരോഗ്യരംഗത്തിന് പിന്തുണ നൽകുന്നതിനും അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുകയും യുവജനങ്ങളിൽ സന്നദ്ധ സേവന മനോഭാവം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്.
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വർഷങ്ങളായി സാമൂഹിക പ്രതിബദ്ധതയോടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. അതിന്റെ ഭാഗമായാണ് എല്ലാ വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലെ ക്യാമ്പുകൾക്ക് മികച്ച ജനപങ്കാളിത്തം ലഭിച്ചതായും ഇത്തവണയും കൂടുതൽ പേരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. കൺവീനർമാരായ ലെയ അനിൽ ( 35507399 ), റോബിൻ ജോർജ്ജ് (3949 7263) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ബഹ്റൈനിലെ മുഴുവൻ പ്രവാസി സമൂഹവും ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളാകണമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.