സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി യു.എൻ സംഘടിപ്പിച്ച സമ്മേളനത്തിൽ ബഹ്റൈൻ പ്രതിനിധികൾ
മനാമ: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി യു.എൻ സംഘടിപ്പിച്ച വിദഗ്ധരുടെ സമ്മേളനം ന്യൂയോർക്കിൽ നടന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി, ആന്റി സൈബർ ക്രൈം ഡയറക്ടർ കേണൽ അഹമ്മദ് സാദ് അൽ റുമൈഹിയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രതിനിധി സംഘം പങ്കെടുത്തു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യങ്ങളുടെ കൂട്ടായ ശ്രമം വേണമെന്ന് പ്രതിനിധി സംഘം സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ക്രിമിനൽ ആവശ്യങ്ങൾക്കായി ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ചെറുക്കുന്നതിന് അന്താരാഷ്ട്ര കരാർ ഉണ്ടാകണം.
ഏകീകൃത ചർച്ചാ രേഖ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾ ഡയറക്ടർ അവതരിപ്പിച്ചു.
ക്രിമിനൽവത്കരണം, നടപടിക്രമങ്ങൾ, നിയമപാലനം, വിവര കൈമാറ്റം, സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്തു. അടുത്തകാലത്തായി സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായി പെരുകിയിരുന്നു.
കോവിഡിനുശേഷം ഓൺലൈൻ ഇടപാടുകളിലുണ്ടായ വർധന തട്ടിപ്പുകൾ വർധിക്കാനിടയാക്കി. സാമ്പത്തിക തട്ടിപ്പുകൾ പെരുകിയെങ്കിലും മുന്നറിയിപ്പ് നൽകാൻ മാത്രമേ അധികൃതർക്ക് പലപ്പോഴും കഴിയാറുള്ളൂ.
മറ്റു രാജ്യങ്ങളിലിരുന്നാണ് പലപ്പോഴും തട്ടിപ്പുകാർ കബളിപ്പിക്കൽ നടത്തുന്നത് എന്നതാണിതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.