മനാമ: മുഹറഖ് മലയാളി സമാജം ഓണാഘോഷമായ 'അഹ്ലൻ പൊന്നോണം സീസൺ 3' സെപ്റ്റംബർ ഒമ്പതിന് മുഹറഖ് സയാനി ഹാളിൽ ആരംഭിക്കും. വടംവലി മത്സരം, പായസമത്സരം തുടങ്ങി വിവിധ മത്സരങ്ങളോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി പി.സി. രജീഷ് എന്നിവർ അറിയിച്ചു.
സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് നാലിന് തുടങ്ങുന്ന നടക്കുന്ന ആഘോഷപരിപാടിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറും. എം.എം.എസ് സർഗവേദി, എം.എം.എസ് വനിതവേദി, എം.എം.എസ് മഞ്ചാടി ബാലവേദി തുടങ്ങിയവയുടെ വിവിധ കലാപരിപാടികളും സഹൃദയ പയ്യന്നൂർ അവതരിപ്പിക്കുന്ന കലാവിരുന്നും എം.സി.എം.എ ടീം അവതരിപ്പിക്കുന്ന കൈമുട്ടി പാട്ടും പരിപാടിക്ക് മാറ്റുകൂട്ടും.
സ്വദേശി പൗരപ്രമുഖരും പ്രവാസ മേഖലയിലെ വിവിധ സാമൂഹിക സംഘടന നേതാക്കളും പങ്കെടുക്കും. ഓണോഘോഷ നടത്തിപ്പിന് സ്ഥാപക പ്രസിഡന്റ് അനസ് റഹീം ജനറൽ കൺവീനറായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. കേരളത്തിലെ വിവിധ പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന രുചിമേള സന്ദർശിക്കാൻ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും വിശിഷ്ട വ്യക്തികളുമെത്തും.
വിവിധ ഭക്ഷണസംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന 25ഓളം സ്റ്റാളുകളാണ് മേളയിൽ ഒരുക്കുന്നത്. അവതാരകനും മജീഷ്യനുമായ രാജ് കലേഷ്, ഗായിക ജിൻഷ ഹരിദാസ് തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. നിരവധി വിനോദപരിപാടികളും സമ്മാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മഹാരുചിമേള കൺവീനർ ഷാജൻ സെബാസ്റ്റ്യനെ (39185185) ബന്ധപ്പെടാവുന്നതാണ്. എം.പി. രഘു ചെയർമാനും ശങ്കർ പല്ലൂർ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് ഈ വർഷത്തെ സമാജം ഓണാഘോഷം സംഘടിപ്പിക്കുന്നത്.
\
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.