മുഹറം: സ്വാതന്ത്ര്യത്തിലേക്കുള്ള പൊൻപുലരി

ഇസ്‍ലാമിക ചരിത്രത്തിലെ സുപ്രധാനമായ നിരവധി ചരിത്രസംഭവങ്ങളാൽ സമ്പുഷ്ടമായ മാസമാണ് ഹിജ്റ കലണ്ടറിലെ ആദ്യ മാസമായ മുഹർറം. വിശ്വാസികൾക്ക് പ്രചോദനമായ ധാരാളം പാഠങ്ങൾ നിറഞ്ഞുനിൽക്കുന്ന മാസം. ഏറെ പവിത്രമായ മുഹർറം ദൈവത്തി​ന്റെ മാസം എന്നാണറിയപ്പെടുന്നത്. വിശ്വാസികളുടെ ജീവിതത്തിൽ തങ്ങളുടെ വിശ്വാസ സംരക്ഷണത്തി​ന്റെ ഭാഗമായി പരീക്ഷണങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സ്വാഭാവികമാണ്. ലോകത്ത് നീതിയിലും നന്മയിലുമധിഷ്ഠിതമായ ആദർശബദ്ധമായ സാമൂഹികക്രമം സ്ഥാപിക്കാൻ വേണ്ടിയാണ് ഓരോ വിശ്വാസിയും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ധർമ സംസ്ഥാപനാർഥം നിയോഗിക്കപ്പെട്ട പ്രവാചന്മാർ നിരവധി പരീക്ഷണങ്ങൾക്കും ക്രൂര ആക്രമണങ്ങൾക്കും വിധേയരാക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്മാരെ അത്തരം പരീക്ഷണങ്ങളിൽനിന്നും ശത്രുക്കളുടെ പീഡനങ്ങളിൽനിന്നും രക്ഷപ്പെടുത്തിയ മാസമാണ് മുഹർറം.

ആദ്യ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബി മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരുടെ ജീവിതവുമായി അഭേദ്യ ബന്ധമാണ് ഈ മാസത്തിനുള്ളത്. യൂനുസ് നബിയെ തിമിംഗലത്തി​ന്റെ വയറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്, സുലൈമാൻ നബിയുടെ അധികാരാരോഹണം, നംറൂദി​ന്റെ തീക്കുണ്ഠത്തിൽനിന്നും പ്രവാചകൻ ഇബ്രാഹിം രക്ഷപ്പെട്ടത്, മൂസാ നബിയും അനുയായികളും ഫറോവക്കെതിരെ നടത്തിയ വിമോചന സമരത്തി​ന്റെ വിജയം, യൂസുഫ് നബി താൻ അകപ്പെട്ട കിണറിൽനിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ നിരവധി സംഭവങ്ങൾ ഈ മാസത്തിൽ നടന്നതായി ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.

മുഹർറത്തിന്റെ ദുഃഖസ്മരണകളിൽ ഒന്നാണ് കർബല. മുസ്‍ലിം ഹൃദയങ്ങളിൽ കണ്ണീരുണങ്ങാത്ത സംഭവം. മക്കയിൽനിന്ന് പുറപ്പെട്ട ഹുസൈൻ, അദ്ദേഹത്തെ കൂഫയിലേക്ക് ക്ഷണിച്ച നാട്ടുകാർ, പ്രവാചക പൗത്രനെ എതിർക്കുകയും വധിക്കാൻ കാരണക്കാരനാവുകയും ചെയ്ത ഇബ്നുസിയാദ്, അയാളെ ഗവർണറാക്കിയ യസീദ് തുടങ്ങിയവർ പലതരത്തിൽ കടന്നുവരുന്ന ചരിത്രദുഃഖമാണ് കർബല ദുരന്തം.

തിന്മകൾക്കെതിരെ സന്ധിചെയ്യുക ഒരിക്കലും സാധ്യമല്ലെന്ന പ്രവാചക പൗത്രൻ ഹുസൈന്റെ നിശ്ചയദാർഢ്യമാണ് കർബല. മർദകനും അധർമിയുമായ ഭരണാധികാരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തി​ന്റെ പ്രതീകം. ഹിജ്റ 61 മുഹർറം പത്തിനാണ് (എ.ഡി 680) പോരാട്ടം നടന്നത്. ബാഗ്ദാദിൽനിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ് കർബല. ചരിത്രത്തിൽ കർബലയുദ്ധം എന്നാണിതറിയപ്പെടുന്നത്.

കർബലയിൽവെച്ചാണ് യസീദുബ്നു മുആവിയയുടെ സൈന്യം തിരുനബിയുടെ പൗത്രനും ഖലീഫയുമായ അലിയുടെ മകൻ ഹുസൈനെയും കൂടെയുള്ളവരെയും നിഷ്കരുണം വധിച്ചത്. യസീദ്ബ്നു മുആവിയ ഭരണമേറ്റെടുത്ത രീതിയെ ഹുസൈൻ ഉൾപ്പെടെയുള്ള മദീനയിലെ അഞ്ച് പ്രമുഖ സ്വഹാബികൾ ചോദ്യംചെയ്തു. ഇസ്‍ലാമിലെ ഭരണസംവിധാനമായ ഖിലാഫത്തിനെ കുടുംബവാഴ്ചയാക്കിയെന്നായിരുന്നു ഇതിനുള്ള അവരുടെ കാരണം. യസീദിന്റെ ക്രൂരതകൾ ഭയന്ന് ജനം അദ്ദേഹത്തിന് വഴിപ്പെടുന്ന കാഴ്ചക്കായിരുന്നു ലോകം ദൃക്സാക്ഷിയായത്. മദീനയിലായിരുന്ന ഹുസ്സൈൻ കുടുംബസമേതം മക്കയിലെത്തി. മക്കയിൽ അബ്ദുല്ലാഹിബിനു അബ്ബാസി​ന്റെ വീട്ടിലാണ് അദ്ദേഹം താമസിച്ചത്.

ഇതേസമയം യസീദ് ജനങ്ങളെ തന്റെ അധികാരവരുതിയിലാക്കാനുള്ള നിരന്തര ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിനായി ഗവർണർ വലീദുബ്നു ഉത്ബത്തിനെ അധികാരപ്പെടുത്തി. അക്രമങ്ങളിൽ സഹികെട്ട കൂഫക്കാർ ഹുസൈനെ അങ്ങോട്ടേക്ക് വിളിക്കാൻ തീരുമാനിച്ചു. മക്കയിലായിരുന്ന ഹുസൈനെത്തേടി ഏതാണ്ട് 150 കത്തുകൾ കൂഫയിൽനിന്ന്​ എത്തിയെന്നാണ് പറയുന്നത്. കൂഫക്കാരുടെ നിരന്തര അഭ്യർഥന മാനിച്ച് ഹുസൈൻ അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു.

കൂഫയിലെ സ്ഥിതിഗതികൾ അന്വേഷിക്കാനായി ത​ന്റെ എളാപ്പയുടെ പുത്രൻ മുസ്‍ലിമുബ്നു ഉഖൈലിനെ ഹുസൈൻ കൂഫയിലേക്ക് പറഞ്ഞയച്ചു. കൂഫയിലെത്തിച്ചേർന്ന അദ്ദേഹത്തെ ജനങ്ങൾ സന്തോഷപൂർവം എതിരേറ്റു. 18,000 വരുന്ന കൂഫൻ സമൂഹം സഹായസന്നദ്ധത അറിയിച്ച് അദ്ദേഹത്തിന്​ പിന്തുണ പ്രഖ്യാപിച്ചു. കൂഫയിലെ ഈ അനുകൂലമായ സാഹചര്യം അറിയിച്ച് മുസ്‍ലിം ഹുസൈനോട് കൂഫയിലേക്ക് വരാൻ ആവശ്യപ്പെട്ട് കത്തയച്ചു.

മുസ്‍ലിം കൂഫയിലെത്തിയ വിവരം ഇതിനിടെ യസീദിന്റെ കാതിലുമെത്തി. ഇത് തനിക്കെതിരെയുള്ള നീക്കമാണെന്ന് മനസ്സിലാക്കിയ യസീദ് കൂഫയുടെ ഗവർണറായിരുന്ന നുഅ്മാനുബ്നു ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കി പകരം ഉബൈദുല്ലാഹിബ്നു സിയാദിനെ ഗവർണറാക്കുകയും ചെയ്തു. കൂഫ, മിസ്വർ പട്ടണങ്ങളുടെ അധികാരിയായി ഭരണമേറ്റെടുത്ത ഉബൈദുല്ല ആരെയും വെറുതെവിട്ടില്ല. യസീദിന്റെ പ്രവർത്തനങ്ങ​ളെക്കാളും നീചമായിരുന്നു ഉബൈദുല്ലയുടെ ചെയ്തികൾ. ജീവനിൽ കൊതിയുള്ള കൂഫക്കാർ കരാറുകൾ ലംഘിച്ചു. മുസ്‍ലിമിനെ കൈവിട്ട അവർ അദ്ദേഹവുമായി സംസാരിക്കാൻപോലും ധൈര്യപ്പെട്ടില്ല. ഹുസൈന്​ അഭയം നൽകിയ ഹാനിഅ്ബ്നു ഉർവ ജയിലിലടക്കപ്പെട്ടു. മുസ്‍ലിം, ഇബ്നു സിയാദിന്റെ കൊട്ടാരത്തിൽ ചെന്നെങ്കിലും അദ്ദേഹത്തോട് സംസാരിക്കരുതെന്ന ഇബ്നു സിയാദി​ന്റെ കല്പനപ്രകാരം ആരും സഹായത്തിനെത്തിയില്ല. ഈ സംഭവ വികാസങ്ങളൊന്നും അറിയാതിരുന്ന ഹുസൈൻ മുസ്‍ലിമിന്റെ കത്ത് ലഭിച്ചയുടൻ ദുൽഹിജ്ജ എട്ടിന്​ കുടുംബസമേതം കൂഫയിലേക്ക് പുറപ്പെട്ടു.

മദീനയിലേക്കുള്ള യാത്രമധ്യേ സഅ്​ലബിയ്യയിലെത്തിയപ്പോഴാണ് മുസ്‍ലിം വധിക്കപ്പെട്ടതറിയുന്നത്. കൂഫയിലേക്ക് വരരുതെന്ന അദ്ദേഹത്തി​ന്റെ വസിയ്യത്തും അന്നാണ് ഹുസൈൻ അറിയുന്നത്. ശർറാഫ് എന്ന സ്ഥലത്തെത്തിയപ്പോൾ ഹുർറുബ്നു യസീദിന്റെ നേതൃത്വത്തിൽ 1,000 അംഗങ്ങളുള്ള സൈന്യം അദ്ദേഹത്തെ വളഞ്ഞ്​ ചോദ്യംചെയ്തു. കൂഫക്കാർ വരാൻ പറഞ്ഞതനുസരിച്ചാണ് വന്നതെന്ന് അറിയിച്ചു. മദീനയിലേക്ക് അവരെ കടത്തിവിടാൻ ഹുർറ്​ അനുവദിച്ചില്ല. വടക്കുഭാഗത്തേക്ക് നൈനവയിലാണ് ആ ചെറുസംഘം എത്തിച്ചേർന്നത്. അവിടെവെച്ച് ഉമറുബ്നു സഅദിന്റെ നേതൃത്വത്തിലുള്ള 4,000 വരുന്ന സൈന്യം ഹുസൈനെയും സംഘത്തെയും തടഞ്ഞുനിർത്തി. ഉബൈദുല്ല അയച്ച സംഘമായിരുന്നു അത്. യസീദിനെ ബൈഅത്ത് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഹുസൈൻ തയാറാകാത്തതിനാൽ യുദ്ധത്തിനു കളമൊരുങ്ങുകയായിരുന്നു പിന്നീട്. കർബലയിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. സ്ത്രീകളും കുട്ടികളുമടക്കം 72 പേരുള്ള ആ ചെറു സംഘത്തോട് ഏറ്റുമുട്ടാൻ വൻ സന്നാഹം തന്നെയായിരുന്നു ഒരുക്കിയിരുന്നത്. മുഹർറം ഏഴിന് കർബലയിൽ എത്തിച്ചേർന്ന ആ ചെറുസംഘത്തിന് ഒരുതുള്ളി വെള്ളംപോലും നൽകാൻ ഇബ്നുസിയാദ് തയാറായില്ല. വേദനജനകവും നിഷ്ഠുരവുമായ ധാരാളം സംഭവങ്ങൾ കർബലയിൽ അരങ്ങേറുകയുണ്ടായി.

യുദ്ധത്തിനിടെ വെള്ളത്തിനു ദാഹിച്ച ഹുസൈൻ യൂഫ്രട്ടീസിനടുത്തേക്ക് പോയി. വെള്ളം കുടിക്കാൻ വായ് തുറന്നപ്പോൾ ഒരമ്പ് വന്ന് വായിൽ തറച്ചു. ഒന്നിനുപിറകെ ഒന്നായി അമ്പുകൾ പതിച്ചുകൊണ്ടിരുന്നു. അവസാനം ഒരമ്പ് വന്ന് ആ പുണ്യ ശിരസ്സിൽ തറച്ചു. 'സിനാൻ ബിൻ അനസ്' ആണ് അദ്ദേഹത്തെ വധിക്കുന്നത്. കർബലയിൽ വെച്ച് തന്റെ പേരമകൻ ഹുസൈൻ കൊല്ലപ്പെടുമെന്ന പ്രവാചക​ന്റെ പ്രവചനം പുലരുകയായിരുന്നു അന്നവിടെ.

Tags:    
News Summary - Muharram: The Golden Dawn to Freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT