മനാമ: പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്വദേശിവത്കരണത്തിനുള്ള നിർദേശവുമായി എം.പിമാർ. ഇതിനെ സംബന്ധിച്ചുള്ള നിർദേശം എം.പിമാർ ചൊവ്വാഴ്ച പാർലമെന്റിലുന്നയിക്കും.
രാജ്യം പ്രവാസിതൊഴിലാളികളെ ആശ്രയിക്കുന്നത് ക്രമാനുഗതമായി കുറക്കാനും ബഹ്റൈനി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി തൊഴിലില്ലായ്മ കുറക്കേണ്ടതിന്റെയും ആവശ്യകതകളെ ഉന്നയിച്ചാണ് എം.പിമാർ നിർദേശം മുന്നോട്ടു വെച്ചത്. അത്യാവശ്യ സേവന മേഖലകളിൽ ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നതിന് മുൻഗണന ഉറപ്പുവരുത്തുന്നതിലൂടെ യുവജന തൊഴിലില്ലായ്മ കുറക്കുക, വർധിച്ചുവരുന്ന വിദേശതൊഴിലാളികളുടെ എണ്ണം തടയുന്നതോടൊപ്പം തൊഴിൽ മേഖലയിലെ അവരുടെ വ്യാപനത്തെ കുറക്കുക, സാമ്പത്തിക തകർച്ചയെ തടയുക എന്നിവയാണ് എം.പിമാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ലക്ഷ്യമിടുന്നത്.
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തുക 1000 ദീനാറിൽനിന്ന് 500 ദീനാറായി കുറക്കുന്ന നടപടിയെ ചോദ്യം ചെയ്താണ് എം.പിമാർ വിഷയമുന്നയിച്ചത്. എന്നാൽ, നിർദേശത്തെ എൽ.എം.ആർ.എ എതിർത്തിട്ടുണ്ട്. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കൂടുന്നതിലൂടെ തൊഴിലുടമകളെ ബഹ്റൈനി തൊഴിലാളികളെ മാത്രം ആശ്രയിക്കുന്നതിലേക്ക് നയിക്കുമെന്നും എൽ.എം.ആർ.എ പറഞ്ഞു. രാജ്യത്തെ പല വിദഗ്ധജോലികളും വിദേശികളുടെ വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പദ്ധതി നടപ്പാക്കുന്നത് ഇത്തരം മേഖലകളിൽ നിലവാരത്തകർച്ചക്കും അതുവഴി കാര്യക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥക്കും കാരണമാക്കുമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകി.
ബഹ്റൈനികൾക്ക് മുൻഗണന നൽകുന്ന തരത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പ്രക്രിയ ഇതിനകം തന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സിവിൽ സർവിസ് കമീഷൻ പ്രസിഡന്റ് ശൈഖ് ദൈജ് ബിൻ സൽമാൻ അൽ ഖലീഫ ചൂണ്ടിക്കാട്ടി. പൊതുസ്ഥാപനങ്ങളിൽ വിദേശ അപേക്ഷകരെ പരിഗണിക്കുന്നതിനുമുമ്പ് യോഗ്യരായ ബഹ്റൈൻ ഉദ്യോഗാർഥികൾക്ക് പരിഗണന നൽകും. യോഗ്യതയുള്ള ബഹ്റൈൻ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തപ്പോൾ മാത്രമേ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദമുള്ളൂവെന്നും ദൈജ് ബിൻ സൽമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.