മനാമ: പൂവിതളല്ലേ ഫാസിലാ...തേൻകനിയല്ലേ ഫാസിലാ.... പാലഴകല്ലേ ഫാസിലാ, മാൻമിഴിയാളേ ഫാസിലാ.. ഒരു തലമുറയെ ഒന്നാകെ ഇളക്കിമറിച്ച മാപ്പിളപ്പാട്ടിന്റെ മൊഞ്ചായിരുന്നത്. 2008ൽ പുറത്തിറക്കിയ മുത്തുഹബീബി മൊഞ്ചത്തിയെന്ന ആൽബത്തിലെ ഹിറ്റ് സോങ്ങുകളിലൊന്ന്. എം.ജിയുടെ മണികിലുങ്ങുന്ന ശബ്ദത്തിലുള്ള പെരുക്കം ആയിരക്കണക്കിന് ഖൽബുകളിൽ തേനൂറും ഇശലുകൾ സൃഷ്ടിച്ചു. മാപ്പിളപ്പാട്ടിന്റെ മായിക പ്രപഞ്ചവുമായി എം.ജി ബഹ്റൈനിന്റെ ബലിപെരുന്നാളിനെ സമൃദ്ധമാക്കാനെത്തുകയാണ്. ഈ വരുന്ന 18ന്. ഗൾഫ് മാധ്യമം ഏഷ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിയിൽ ആ ഇശൽതേൻകണം നുണയാൻ അവസരമൊരുങ്ങുന്നു. 40 വർഷത്തെ തന്റെ ചലച്ചിത്ര സംഗീതജീവിതത്തിനിടയിൽ 25000ത്തോളം ഗാനങ്ങളാണ് എം.ജി പാടിയത്. മലയാളത്തിനുപുറമെ ഹിന്ദിയിലും തമിഴിലും എം.ജിയുടെ ഗാനങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായി. മോഹൻലാലിന്റേതിനു സമാനമായ ശബ്ദം ലാൽ സിനിമകളുടെ ആരാധകരെ കോരിത്തരിപ്പിക്കുക തന്നെ ചെയ്തു.
‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിയുടെ ടിക്കറ്റ് ഡോ. പി.വി.ചെറിയാൻ ഏറ്റുവാങ്ങുന്നു
‘‘കുടെകുടെച്ചിരിക്കുന്ന ഹൂറി’’ ഉൾപ്പെടെ അനേകം മാപ്പിളപ്പാട്ടുകളിലൂടെ മലബാറിന്റെ ഹൃദയവും എം.ജി കവർന്നു. സജ്ന എന്റെ സജ്നാ.... നീ മുഖം മറച്ചിരിക്കുന്നതെന്തിനാ... എന്നുപാടി നടന്ന മണിമാരന്മാർ ഒരു കാലത്ത് മണിയറകളെ നാണത്തിൽ മുക്കിയിരുന്നു. ചെമ്പകപ്പൂവിനഴകൊത്ത പെണ്ണേ... നിന്റെ ഖൽബെനിക്കൊന്നു തരുമോ.. മുതൽ ഇശൽ പാടും മോളല്ലേ.. ഇണയെന്നും നീയല്ലേ...വരെ ഗസൽപൂക്കൾ വിരിയിച്ച ആയിരമായിരം ഗാനങ്ങൾ.
ജഗത് നിയന്താവിനുമുന്നിൽ തൊഴുകൈകളുമായി ഭക്തിയുടെ അലൗകികതലം സൃഷ്ടിക്കാൻ കഴിഞ്ഞ ഗാനങ്ങളും നിരവധിയുണ്ട്. ജന്മം തന്ന നാഥാ.. ജന്നത്തിന്റെ നാഥാ.., നിന്റെ റഹ്മത്തിനായി കൈകൾ നീട്ടുന്നു ഞാൻ... തുടങ്ങിയവ ഉദാഹരണങ്ങൾ. ഖൽബിലിടനാഴിയിൽ ഒരു നോവിൻ തുടിയുണരുന്നേരം.. രാവിൻ മഞ്ചലിലെന്നും രാത്രിമുല്ല പൂത്തുലയുന്നു... മനോഹരങ്ങളായ വരികളെ ഭാവസാന്ദ്രമാക്കിയ മധുരശബ്ദം. മധുമയമായ് പാടാൻ എം.ജിയോടൊപ്പം നിങ്ങളുടെ പ്രിയ യുവനിരയുമുണ്ടാകും.
‘ഗൾഫ് മാധ്യമം’ ഏഷ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘മധുമയമായ് പാടാം’ മെഗാ സംഗീത പരിപാടിയുടെ ടിക്കറ്റ് ഇൻസ്പയറിങ് കൺസ്ട്രക്ഷൻ എം.ഡി എം.കെ. ശശി ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ലയിൽനിന്നും ഏറ്റുവാങ്ങുന്നു
വിധു പ്രതാപ്, നിത്യ മാമ്മൻ, ലിബിൻ സക്കറിയ, അസ്ലം അബ്ദുൽ മജീദ്, ശിഖ പ്രഭാകരൻ, റഹ്മാൻ പത്തനാപുരം തുടങ്ങി നിരവധിപേർ. ഒപ്പം അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷും. ഇനി പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇനിയും ടിക്കറ്റെടുക്കാത്തവർക്ക് www.madhyamam.com/mgshow എന്ന വെബ്സൈറ്റിലൂടെയും വനേസ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് 34619565 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.