മനാമ: മനാമ ഗോൾഡ് ഫെസ്റ്റിവൽ ഏപ്രിൽ 13ന് ആരംഭിക്കും. മേയ് 27 വരെ നീളുന്ന ഫെസ്റ്റിവലിൽ സൂഖ് ഇൻ മനാമയിലെ മൂന്നുറിലധികം ജ്വല്ലറി ഷോപ്പുകൾ പങ്കെടുക്കും. രാജ്യത്തെ വിനോദസഞ്ചാരികളുടെ ആകർഷകകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഒരുക്കം പൂർത്തിയായതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു. സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ബഹ്റൈന് ദീർഘകാല ചരിത്രമുണ്ട്. മാത്രമല്ല, സ്വർണവ്യാപാരത്തിന് കൃത്യമായ നിയന്ത്രണം കൊണ്ടുവന്നതും ബഹ്റൈനാണ്. മിഡിലീസ്റ്റിലാകമാനം ഇത് മാതൃകയായിരുന്നു. ഈ ബൃഹത്തായ പാരമ്പര്യം മറ്റുരാജ്യങ്ങളിൽനിന്നടക്കമെത്തുന്ന വിനോദ സഞ്ചാരികൾക്കുമുന്നിൽ തുറന്നുകാണിക്കുകയും വ്യാപാരം അഭിവൃദ്ധിപ്പെടുത്തുകയും പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നു.
സ്വർണ്ണവ്യാപാരം സംബന്ധിച്ച രാജ്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പ്രദർശനവും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും. മാത്രമല്ല കാഴ്ചക്കാർക്കായി വിവിധ നറുക്കെടുപ്പുകളും ഒരുക്കിയിട്ടുണ്ട്. ഗോൾഡ് മ്യൂസിയം, പോപ്പ് അപ്പ് മാർക്കറ്റ്, എന്നിവ കൂടാതെ ലൈവ് മ്യുസിക് ഷോയും നടക്കും. 2022ലാണ് ഫെസ്റ്റിവലിന്റെ ആദ്യ എഡിഷൻ നടന്നത്. അത് വൻവിജയമായിരുന്നെന്ന് ബി.ടി.ഇ.എ സി.ഇ.ഒ നസ്സീർ ക്വേദി പറഞ്ഞു.
പാരമ്പര്യത്തിന്റെയും നവീനതയുടെയും മിശ്രണത്തിലൂടെ ഉപഭോക്താക്കൾക്ക് നവ്യമായ ഷോപ്പിങ് അനുഭവം ഒരുക്കിക്കൊടുക്കാൻ രണ്ടാം എഡിഷന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിൽ 12 രാജ്യങ്ങളിൽനിന്നുള്ള 1549 ഷോപ്പുകൾ പങ്കെടുത്തിരുന്നു. 1.25 മില്യൺ ദിനാറിന്റെ വ്യാപാരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.