മനാമ: ഒറ്റക്കും ഫാമിലിയായുമൊക്കെ സിനിമ കാണാറുണ്ട്, ആസ്വദിക്കാറുമുണ്ട്. പക്ഷേ, അതിലൊരു ത്രില്ലില്ല. വനിതദിനമൊക്കെയല്ലേ, ഒന്നു മാറ്റിപ്പിടിക്കാനുള്ള തീരുമാനമാണ് മലയാളി മംമ്സിനെ കൂട്ടായി തിയറ്ററിലെത്തിച്ചത്. ദാന മാളിലെ എപ്പിക്സ് സിനിമാസായിരുന്നു ലക്ഷ്യം. 90 വനിതാരത്നങ്ങൾ കൂട്ടത്തോടെ തിയറ്റർ കൈയടക്കി. ബഹ്റൈനിന്റെ സ്വന്തം താരം മമ്ത മോഹൻദാസ് നായികയായ ‘മഹേഷും മാരുതിയും’ കണ്ട് മനസ്സുനിറഞ്ഞു. ലോകസഞ്ചാരം നടത്തുന്ന സോളോ ട്രാവലർ നാജിയ നൗഷിക് ലുലു സൂപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
3000 മലയാളി വീട്ടമ്മമാരാണ് മലയാളി മംമ്സ് ബഹ്റൈൻ ചാപ്റ്ററിലുള്ളത്. ഇതിൽ പ്രഫഷനൽസ് മുതൽ വീട്ടിലിരിക്കുന്നവർ വരെയുണ്ട്. പ്രവാസ ജീവിതത്തിനിടെ പരസ്പരം കാര്യങ്ങൾ പങ്കുവെക്കാനുള്ള വേദിയാണിത്. അതോടൊപ്പം കലാപരമായ കഴിവുകളുള്ളവർക്ക് അത് പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള അവസരവും കൂട്ടായ്മ ഒരുക്കുന്നു. പ്രശ്നങ്ങൾ പങ്കുവെക്കുക, സാധ്യമായത് പരിഹരിക്കാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. റമദാൻ കിറ്റ് വിതരണം, അകപ്പെട്ടുപോകുന്ന പ്രവാസികൾക്ക് മടക്ക് ടിക്കറ്റ് നൽകുക, ഭൂകമ്പ ദുരിതാശ്വാസം എത്തിച്ചുകൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങളും അടുത്തകാലത്ത് ചെയ്തു
അർബുദത്തെ ധീരമായി നേരിട്ട മംമ്ത മോഹൻദാസിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യം കൂടി സിനിമാനൈറ്റ് സംഘടിപ്പിക്കുമ്പോഴുണ്ടായിരുന്നു. ഷഫീല യാസിർ, ഷറിൻ ഷൗക്കത്ത്, സ്മിത ജേക്കബ് എന്നിവരാണ് ബഹ്റൈൻ ചാപ്റ്ററിന് നേതൃത്വം കൊടുക്കുന്നത്. എല്ലാ ജി.സി.സികളിലും മലയാളി മംമ്സ് മിഡിലീസ്റ്റിന് ഘടകങ്ങളുണ്ട്. ദുബൈയിലുള്ള ദിയാ ഹസനാണ് കൂട്ടായ്മയുടെ സ്ഥാപക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.