‘മേയ്ഡ് ഇൻ ജി.സി.സി 2026’ പ്രദർശനം ബഹ്റൈനിൽ
മനാമ: നിർമ്മാണ, വ്യാവസായിക ശേഷികൾ പ്രദർശിപ്പിക്കുന്ന ‘മേയ്ഡ് ഇൻ ജി.സി.സി 2026’ ഫോറവും പ്രദർശനവും ഒക്ടോബർ ആറുമുതൽ എട്ടുവരെ ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ നടക്കും. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.
ജി.സി.സി രാജ്യങ്ങളിൽ തദ്ദേശീയ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ഉൽപാദകരെ നിക്ഷേപകർ, അന്തർദേശീയ വിപണി, ആവശ്യക്കാർ, ബിസിനസ് പങ്കാളികൾ എന്നിവരുമായി ബന്ധപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ജി.സി.സി രാജ്യങ്ങളിലുടനീളമുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സി.ഇ.ഒമാർ, നിർമ്മാതാക്കൾ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് വ്യാവസായിക സഹകരണവും സാമ്പത്തിക സംയോജനവും പ്രോത്സാഹിപ്പിക്കുകയാണ് ഫോറത്തിന്റെ ലക്ഷ്യം.
2025 ഡിസംബറിൽ ബഹ്റൈൻ ആതിഥേയത്വം വഹിച്ച ഗൾഫ് ഉച്ചകോടിയിൽ ജി.സി.സി നേതാക്കൾ അംഗീകരിച്ച പദ്ധതികളിൽ ഒന്നാണ് ‘മേയ്ഡ് ഇൻ ജി.സി.സി ഫോറം’. ഉപഭോക്തൃ സമൂഹം എന്ന നിലയിൽനിന്ന് ഉൽപാദകരായി ഗൾഫ് രാജ്യങ്ങളെ മാറ്റിയെടുക്കുക എന്ന സ്വപ്നമാണ് ജി.സി.സി നേതാക്കൾ കഴിഞ്ഞ ഉച്ചകോടിയിൽ പങ്കുവെച്ചത്. അലുമിനിയം, ലോഹങ്ങൾ, ഉരുക്ക്, ഊർജ്ജം, സമുദ്ര, എഞ്ചിനീയറിംഗ്, കേബിളുകൾ, ഭക്ഷ്യ-ക്ഷീരോൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിർമ്മാതാക്കൾ തങ്ങളുടെ ഉൽപന്നങ്ങളും ശേഷിയും പ്രദർശിപ്പിക്കും. 2025ൽ ജി.സി.സിയുടെ മൊത്തം ജി.ഡി.പിയുടെ 13.13% നിർമ്മാണ മേഖലയിൽ നിന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.