ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഹമദ് രാജാവുമായി കൂടിക്കാഴ്ചക്കിടെ
മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെയും പരസ്പര സഹകരണത്തെയും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജാവിന് നൽകിയ ആശംസകൾ വിദേശകാര്യമന്ത്രി കൈമാറി. ശക്തമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമാണെന്നും, വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലപ്പെടുത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവ് വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിൽ ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളിൽ ബഹ്‌റൈന് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ഹമദ് രാജാവ് ഇന്ത്യയോട് നന്ദി രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ സുരക്ഷയും സമാധാനവും നിലനിർത്താൻ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
രാജാവിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും വളർച്ചയുടെ പാതയിലാണെന്നും, അത് ഇരു ജനതകൾക്കും ഗുണകരമാകുമെന്നും മന്ത്രി ജയശങ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.