രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാജ്യത്തെ ആഭ്യന്തര കാര്യങ്ങളും വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും വിലയിരുത്തി. ഗവൺമെന്റ്-വികസന പ്രവർത്തനങ്ങളിൽ കിരീടാവകാശി നടത്തുന്ന നിരന്തരമായ ഇടപെടലുകളെയും രാജ്യത്തെ വികസന പ്രക്രിയയ്ക്ക് അദ്ദേഹം നൽകുന്ന നേതൃത്വത്തെയും ഹമദ് രാജാവ് പ്രശംസിച്ചു.
രാജ്യത്തെ ലക്ഷ്യമിട്ടുണ്ടായ ഇറാൻ അക്രമങ്ങളെ ശക്തമായി പ്രതിരോധിച്ച ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് , നാഷണൽ ഗാർഡ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവരുടെ മാതൃകാപരവും അഭിമാനകരവുമായ പങ്കിനെ ഹമദ് രാജാവ് പ്രത്യേകം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ ജീവനും സംരക്ഷിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച ഉയർന്ന കാര്യക്ഷമതയെയും ധീരതയെയും ആത്മാർത്ഥമായ നിശ്ചയദാർഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. വികസന നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ഇവർ രാജ്യത്തിന്റെ ശക്തമായ കവചമാണെന്നും ബഹ്‌റൈനിലെ ജനങ്ങൾക്ക് ഇവർ എന്നും അഭിമാനമാണെന്നും രാജാവ് കൂട്ടിച്ചേർത്തു. ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്ത എല്ലാ സുഹൃദ് രാജ്യങ്ങൾക്കും രാജാവ് നന്ദി രേഖപ്പെടുത്തി.
പൗരന്മാരുടെ ഒത്തൊരുമയിലൂടെയും സമർപ്പണത്തിലൂടെയും ബഹ്‌റൈൻ എന്നും സുരക്ഷിതവും സുസ്ഥിരവുമായിരിക്കുമെന്നും വികസനത്തിന്റെ പാതയിൽ രാജ്യം കൂടുതൽ മുന്നേറുമെന്നും ഹമദ് രാജാവ് ഉറപ്പിച്ചു പറഞ്ഞു. സമാധാനത്തിന്റെ മാർഗ്ഗമുയർത്തിപ്പിടിക്കുക എന്നതാണ് ബഹ്‌റൈന്റെ നയമെന്നും, മേഖലയിലും ലോകമെമ്പാടും സുരക്ഷയും സമാധാനവും പുലരുമെന്ന് പ്രത്യാശിക്കുന്നതായും രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.