ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ ഘട്ടത്തിലും പ്രവാസികളായതിന്റെ പേരിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാതെ വലിയൊരു സമൂഹം പുറത്ത് നിൽക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും മികച്ച പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍.
എന്നാല്‍, രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ അവര്‍ കേവല കാഴ്ചക്കാരായി തുടരുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തുനിന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കണമെന്നാവശ്യം ഒരു മരീചികയായി അവശേഷിക്കുകയാണ്.
പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാർഥ്യമാക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല.
ഒണ്‍ലൈന്‍ വോട്ട് പ്രോക്സി വോട്ട് വഴി ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശത്തുനിന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്ക്കാറ് ഭാഗത്തുനിന്ന് ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാറുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീംകോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.
2010ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിലെ അഡ്രസ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസംബ്ലി/പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന അവസ്ഥ വന്നു.
എന്നാല്‍, വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിധ്യം അനിവാര്യമായിരുന്നു. ഇതിൽ മാറ്റംവരുത്തി മറ്റു രാജ്യങ്ങളിലേത് പോലെ എംബസി സംവിധാനം ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവസരമാണ് പ്രായോഗികമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.