ബി.ഡി.എഫ് ആസ്ഥാനം സന്ദർശിക്കാനെത്തിയ ഹമദ് രാജാവ്. ബി.ഡി.എഫ് ചീഫ് കമാൻഡർ ശൈഖ് ഖലീഫ സമീപം

ഇറാൻ ആക്രമണം: ഇരകൾക്ക് പൂർണ നഷ്ടപരിഹാരം -ഹമദ് രാജാവ്

മനാമ: ഇറാൻ ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാ പൗരന്മാർക്കും പൂർണമായ നഷ്ടപരിഹാരം നൽകുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ.

ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ആസ്ഥാനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഡി.എഫിന്‍റെ സന്നദ്ധതയെയും കാര്യക്ഷമതയെയും സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ഹമദ് രാജാവ് പ്രശംസിച്ചു. ബി.ഡി.എഫ് ചീഫ് കമാൻഡർ ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ബഹ്‌റൈനിലെയും മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും സിവിലിയൻമാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ ആക്രമണത്തെ ഹമദ് രാജാവ് അപലപിച്ചു. ആക്രമണം ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുമുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ 2817-ാം നമ്പർ പ്രമേയം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ പൗരന്മാർ കാണിക്കുന്ന പക്വമായ സമീപനത്തെയും പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവനം നടത്താനുള്ള അവരുടെ താൽപ്പര്യത്തെയും രാജാവ് അഭിനന്ദിച്ചു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കാൻ എല്ലാവരും സന്നദ്ധരായിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങളുടെ ഐക്യത്തിലൂടെയും അർപ്പണബോധത്തിലൂടെയും ബഹ്‌റൈൻ എന്നും സുരക്ഷിതമായ രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Iran attack: Full compensation for victims - King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.