മനാമ: ഇറാൻ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഐക്യരാഷ്ട്രസഭക്ക് എട്ടാമത്തെ കത്ത് സമർപ്പിച്ച് ബഹ്‌റൈൻ. യു.എൻ ജനറൽ സെക്രട്ടറിക്കും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്‍റിനുമാണ് മാർച്ച് 29ന് ബഹ്‌റൈൻ മിഷൻ കത്ത് നൽകിയത്.
കത്തിൽ ബഹ്റൈനിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി ഇറാൻ നടത്തി വരുന്ന ആക്രമണങ്ങളെ കുറിച്ച് പരാമർശിച്ചു. ഫെബ്രുവരി 28 മുതൽ ബഹ്‌റൈനിലെ ജനവാസ മേഖലകൾക്കും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ബഹ്‌റൈൻ പ്രതിരോധ സേന ഇതുവരെ 170ലധികം മിസൈലുകളും 390ലധികം ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തു. ഇത് വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
മാർച്ച് 24ന് നടന്ന ആക്രമണത്തിൽ യു.എ.ഇ സായുധ സേനയിലെ കരാർ ജീവനക്കാരനായ ഒരു മൊറോക്കോ സ്വദേശി കൊല്ലപ്പെട്ടു. കൂടാതെ, ഒരു ബഹ്‌റൈൻ സ്വദേശിനിയും ഒരു പ്രവാസിയും കൊല്ലപ്പെടുകയും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാർച്ച് 28ന് അലുമിനിയം ബഹ്‌റൈൻ (അൽബ), മാർച്ച് 25, 12 ദിവസങ്ങളിൽ മുഹറഖിലെ ഇന്ധന സംഭരണികൾ, മാർച്ച് 9ന് ബാപ്‌കോ എനർജീസ്, മാർച്ച് 10 മനാമയിലെ താമസ കെട്ടിടം എന്നി പ്രധാനപ്പെട്ടയിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയതെന്നും കത്തിൽ വ്യക്തമാക്കി.
ഇറാന്‍റെ ആക്രമണത്തെ അപലപിച്ചുകൊണ്ട് മാർച്ച് 11ന് ബഹ്റൈൻ സമർപ്പിച്ച പ്രമേയം 2817, സെക്യൂരിറ്റി കൗൺസി ൽ പാസാക്കിയിരുന്നു. യു.എൻ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം ബഹ്‌റൈന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും കൗൺസിൽ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തിന് 106 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.
തങ്ങളുടെ പരമാധികാരവും ജനങ്ങളുടെ ജീവനും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ശക്തമായി തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ബഹ്‌റൈൻ അറിയിച്ചു. സമാധാനത്തിന് ഭീഷണിയാകുന്ന ഇറാന്‍റെ നടപടികൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.