ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പ്രവാസികളുണ്ട്. ഇതിൽ 30 ലക്ഷത്തോളം മലയാളികളാണ്. ഇവരുടെ കുടുംബാംഗങ്ങളെ കൂടി കണക്കിലെടുത്താൽ ഈ ജനസംഖ്യ മൂന്നിരട്ടിയോളമാകും.
നാട്ടിലെ എത്ര രാഷ്ട്രീയ പാർട്ടിക്കാർ പ്രവാസികളുടെ പ്രശ്നങ്ങളിൽ ആത്മാർഥമായി ഇടപെടുന്നുണ്ട്? പശ്ചിമേഷ്യയിൽ നടക്കുന്ന ഈ സംഘർഷം ഏത് രീതിയിലായിരിക്കും പ്രവാസികളെയും, അവരുടെ കുടുംബങ്ങളെയും ബാധിക്കുക എന്ന് അവർ ചിന്തിച്ചിട്ടുണ്ടോ? നാട്ടിൽ ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകനോടോ, നേതാക്കളോടോ ഇപ്പോൾ സംസാരിച്ചാൽ അവർ ആദ്യം ചോദിക്കുക നിങ്ങൾ വോട്ട് ചെയ്യുവാൻ നാട്ടിൽ വരുന്നുണ്ടോ എന്നാണ്... അതല്ലാതെ ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യത്തേക്കുറിച്ച് എത്ര നേതാക്കൾ ചോദിച്ചിട്ടുണ്ടാകും.
നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ വോട്ട് ബാങ്ക് ആയിട്ടെങ്കിലും കാണുന്നുണ്ടെങ്കിൽ പ്രവാസികൾക്ക് ആ പരിഗണനയും ഇല്ല . കാരണം, 95% പ്രവാസികൾക്കും വോട്ട് ഇല്ല, ഉള്ളവരിൽ ഭൂരിഭാഗം ആളുകളും ആ സമയത്ത് നാട്ടിൽ വരാറില്ല. അവടെയാണ് പ്രവാസി വോട്ടിന്റെ വില നമ്മൾ മനസ്സിലാക്കേണ്ടത്. അതാത് രാജ്യങ്ങളിൽ നിന്ന് തന്നെ പ്രവാസികൾക്ക് വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം.
യൂറോപ്യൻ രാജ്യങ്ങളിലെ പൗരൻമാർക്കും, ഏഷ്യയിലെ ബംഗ്ലാദേശ്, ഫിലിപ്പൈൻ പോലുള്ള രാജ്യങ്ങളിലെ പൗരന്മാർക്കും ഈ സംവിധാനമുണ്ട്. പക്ഷെ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാർക്ക് അങ്ങനെയൊരു സംവിധാനമില്ല. പ്രവാസി വോട്ട് പ്രാബല്യത്തിൽ വരാത്തിടത്തോളം പ്രവാസികൾക്ക് യാതൊരു വിലയും ഉണ്ടാകില്ല. ഇന്ധന ക്ഷാമം വന്നതുകൊണ്ട് മാത്രമാണ് ഇന്ത്യയിൽ പലരും പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ബേജാറാകുന്നത് പോലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.