മനാമ: ഐ.ഡി കാർഡ് സേവനങ്ങളിലെ ഡിജിറ്റൽവത്കരണം 95 ശതമാനം പൂർത്തിയായതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഡോ. സക്കരിയ അഹ്മദ് അൽഖാജ പറഞ്ഞു. bahrain.bh എന്ന ഔദ്യോഗിക പോർട്ടൽ മുഖേന ഐ.ഡി കാർഡുകൾക്കുവേണ്ടി 32 ഇലക്ട്രോണിക് സേവനങ്ങളാണ് നിലവിൽ നൽകിവരുന്നത്. സേവന കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്നതിനുള്ള പ്രക്രിയ സമീപ വർഷങ്ങളിലാണ് കൂടുതൽ ഊർജിതമായത്. 2021ൽ 361,276 ഓൺലൈൻ ഐ.ഡി കാർഡ് ഇടപാടുകളാണ് നടന്നത്. ആകെ 5,78,689 ഐ.ഡി കാർഡ് ഇടപാടുകൾ നടന്നപ്പോഴാണ് ഇത്രയും എണ്ണം ഓൺലൈനിൽ ചെയ്യാൻ സാധിച്ചത്. ആവശ്യമായ രേഖകൾ കിട്ടാൻ സ്വദേശികൾക്കും പ്രവാസികൾക്കും ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്ത് സേവന കേന്ദ്രങ്ങളിൽ പോകേണ്ട ആവശ്യമില്ല. പേപ്പർ രഹിത ഇടപാടുകൾ വർധിച്ചത്തോടെ ചെലവ് കുറക്കാനും സമയവും അധ്വാനവും ലാഭിക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ ഐ.ഡി കാർഡ് നൽകൽ, നിലവിലുള്ളത് പുതുക്കൽ അല്ലെങ്കിൽ മാറ്റിയെടുക്കൽ, ഗാർഹിക തൊഴിലാളികൾക്കും നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുമുള്ള സേവനങ്ങൾ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഐ.ഡി കാർഡ് ഇ-സേവനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.