മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് 21 വെള്ളിയാഴ്ച രാത്രി ഏഴിന് തുടക്കമാകും. വെള്ളി, ശനി ദിവസങ്ങളിലായി അദാരി പാർക്കിൽ നടക്കുന്ന പ്രകാശതീരം പരിപാടിയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി ഖുർആൻ പ്രഭാഷണം നടത്തും. ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും റമദാൻ മാസത്തിന്റെ മുന്നോടിയായിട്ടാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘം കമ്മിറ്റിക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
‘വിശുദ്ധ റമദാൻ ആത്മ വിശുദ്ധിക്ക്’ എന്ന പ്രമേയത്തിൽ നടക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്വം, സൗന്ദര്യം, സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ‘ഖുർആൻ ദ ലീഡർ’ എന്ന പേരിൽ സെൻട്രൽ തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ ഹൽഖതുൽ ഖുർആൻ, മുബാഹസ പണ്ഡിത സംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്യൂണിറ്റി ഇഫ്താർ, സകാത് ഡ്രൈവ് തുടങ്ങി നിരവധി പദ്ധതികളാണ് കാമ്പയിൻ കാലയളവിൽ നടക്കുക. അദാരി പാർക്കിൽ നടക്കുന്ന പ്രഭാഷണ പരിപാടി ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടാവുമെന്നും ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനസൗകര്യം ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.