മനാമ: ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ് ഇന്നു മുതൽ ബഹ്റൈൻ ഹാർബറിൽ നടക്കും. 21, 22 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ലോകോത്തര താരങ്ങൾ പങ്കെടുക്കും. മാനുഷികപ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ്.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടെയും ഇന്റർനാഷനൽ സ്വിമ്മിങ് ഫെഡറേഷന്റെയും ജി.എച്ച്.എഫിന്റെയും സഹകരണത്തോടെ നടക്കുന്ന ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. മത്സരം കാണുന്നതിനായി ബഹ്റൈൻ ഹാർബറിന് അഭിമുഖമായി പാലത്തിൽ പ്ലാറ്റ്ഫോം നിർമിച്ചിട്ടുണ്ട്.
പുരുഷന്മാർ 27 മീറ്റർ ഉയരത്തിൽ നിന്നും സ്ത്രീകൾ 20 മീറ്റർ ഉയരത്തിൽ നിന്നും ഡൈവിങ് നടത്തും. ഒരു ഓൺലൈൻ പോർട്ടൽ വഴി മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ പൊതുജനങ്ങൾക്ക് റിസർവ് ചെയ്യാം.
16 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഡൈവിങ് വിദഗ്ധർ പങ്കെടുക്കും. ആസ്ട്രേലിയ, ബ്രസീൽ, കാനഡ, കൊളംബിയ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, യുനൈറ്റഡ് കിങ്ഡം, ഇറ്റലി, മെക്സിക്കോ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, റൊമാനിയ, സ്വിറ്റ്സർലൻഡ്, ഉക്രെയ്ൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ബഹ്റൈനിലെത്തിയിട്ടുണ്ട്.
2025ൽ സിംഗപ്പൂരിൽ നടക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിനുള്ള പ്രധാന യോഗ്യതാ മത്സരമാണ് ചാമ്പ്യൻഷിപ്. മത്സരങ്ങൾ ബഹ്റൈൻ സ്പോർട്സ് ചാനലിലും മറ്റ് ജി.സി.സി, അറബ് ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ചാമ്പ്യൻഷിപ്പിന്റെ ചട്ടങ്ങൾ അനുസരിച്ച്, ഓരോ ഡൈവറും ശനിയാഴ്ച രണ്ടും ഞായറാഴ്ചയും നാല് ഡൈവുകൾ പൂർത്തിയാക്കും.
ആദ്യം സ്ത്രീകളുടെ ഇനങ്ങളും തുടർന്ന് പുരുഷ വിഭാഗവും നടക്കും. നാല് തവണ ലോക ചാമ്പ്യനായ ആസ്ട്രേലിയയിൽ നിന്നുള്ള റിയാനൻ ഇഫ്ലാൻഡ് (32), രണ്ട് തവണ ലോക വെള്ളി മെഡൽ ജേതാവായ കാനഡയിൽ നിന്നുള്ള മോളി കാൾസൺ (25 ), 2024ൽ ദോഹയിൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ നാലാമതായി ഫിനിഷ് ചെയ്ത യു.എസ്.എയിൽ നിന്നുള്ള കെയ്ലിയ ആർനെറ്റ് (31), 2019ലും 2023ലും ആറാം സ്ഥാനത്തെത്തിയ ആസ്ട്രേലിയയുടെ സാന്തിയ പെന്നിസി (24) എന്നിവരടക്കം മികച്ച താരങ്ങളുടെ പ്രകടനങ്ങൾ വീക്ഷിക്കാം.
പുരുഷ മത്സരാർഥികളിൽ യുനൈറ്റഡ് കിങ്ഡത്തിൽ നിന്നുള്ള ലോക ചാമ്പ്യൻ എയ്ഡൻ ഹെസ്ലോപ്പ് (22 ) ,റൊമാനിയയിൽ നിന്നുള്ള മുൻ ലോക ചാമ്പ്യൻ കോൺസ്റ്റാന്റിൻ പോപോവിസി (25) എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.