മനാമ: ബഹ്‌റൈന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും ഇടിമിന്നലുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അസ്ഥിരമായ കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പലയിടങ്ങളിലും ഇടത്തരവും ശക്തവുമായ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം മനാമ, മുഹറഖ് എന്നിവിടങ്ങളിൽ ഇതിന്‍റെ പ്രഭാവം താരതമ്യേന കുറവായിരുന്നു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 14 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇടിമിന്നലുള്ള സമയങ്ങളിൽ കാറ്റിന്‍റെ വേഗത വർധിച്ചേക്കാം. തിരമാലകൾ തീരപ്രദേശങ്ങളിൽ 1-2 അടിയും ആഴക്കടലിൽ 2-4 അടിയും ഉയരാൻ സാധ്യതയുണ്ട്. കാറ്റ് ശക്തമാകുമ്പോൾ ഇത് 7 അടി വരെ ഉയർന്നേക്കാം.
മഴയെത്തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കൃത്യമായ അകലം പാലിക്കാനും വേഗത നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തെ ആകാശത്ത് പ്രത്യേക ഷെൽഫ് ക്ലൗഡുകൾ ദൃശ്യമായത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും തണുത്ത വായു താഴേക്ക് വരികയും ചെയ്യുമ്പോൾ ഇവ തമ്മിൽ കൂട്ടിമുട്ടുന്നതിലൂടെയാണ് ഷെൽഫ് ക്ലൗഡുകൾ ഉണ്ടാകുന്നത്. ഇത് ശക്തമായ കാറ്റിന്‍റെയും മഴയുടെയും മുന്നോടിയായാണ് ദൃശ്യമാകുന്നത്. വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.