സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ കേരള വ്യവസായ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരോടൊപ്പം ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മറ്റ് അധികൃതരും
ദാവോസ്: കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുമായി ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നടത്തിയ ആദ്യഘട്ട ചർച്ച കൂടിക്കാഴ്ചയിലാണ് വ്യവസായ മന്ത്രി പി. രാജീവ് ഇക്കാര്യം പറഞ്ഞത്.
ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്റൈൻ സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി അൽ ഖലീഫ്, ബഹ്റൈൻ പ്രോപ്പർട്ടി കമ്പനി സി.ഇ.ഒ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽ ഖലീഫ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
അടുത്ത മാസം സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് സംഘത്തെ അയക്കാനുള്ള സന്നദ്ധത മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തിലേക്ക് വലിയ നിക്ഷേപം കടന്നുവരുന്നതിലേക്കുള്ള വിജയകരമായ പ്രാരംഭ ചർച്ചയായിരുന്നു നടന്നതെന്ന് പി. രാജീവ് കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ എന്നിവരും സംബന്ധിച്ചു.
കൊച്ചിയിൽ ഫെബ്രുവരി 21, 22 തീയതികളിലായാണ് ആഗോള നിക്ഷേപ സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.