ഗ്യാസ് പൈപ്പ് പൊട്ടിത്തെറി:  നഷ്​ടപരിഹാരം വേഗത്തിലാക്കും

മനാമ: കഴിഞ്ഞ ദിവസം ബൂരി ഗ്രാമത്തിനടുത്ത്​ ഗ്യാസ് പൈപ്പ്‌ലൈനിലുണ്ടായ സ്​ഫോടനത്തിൽ നഷ്​ടം സംഭവിച്ചവര്‍ക്ക് സഹായം നൽകുന്നത് വേഗത്തിലാക്കുമെന്ന് ദക്ഷിണ മേഖല ഗവര്‍ണര്‍ അലി ബിന്‍ ശൈഖ് അബ്​ദുല്‍ ഹുസൈന്‍ അല്‍അസ്ഫൂര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്​ടത്തെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്തും. ശേഷം തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം ഇത്​ വിലയിരുത്തും. ദക്ഷിണ മേഖല പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്​ദുല്ല അല്‍ജീറാന്‍, ജഅ്ഫരീ ഔഖാഫ് ചെയര്‍മാന്‍ ശൈഖ് മുഹ്‌സിന്‍ ബിന്‍ ശൈഖ് അബ്​ദുല്‍ ഹുസൈന്‍ അല്‍അസ്ഫൂര്‍, തൊഴില്‍^സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിലെ സാമൂഹിക ക്ഷേമകാര്യങ്ങള്‍ക്കായുള്ള അസി. അണ്ടര്‍ സെക്രട്ടറി ശൈഖ ആഇശ ബിന്‍ത് അലി ആല്‍ഖലീഫ, സിവില്‍ ഡിഫന്‍സിലെ അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തലാല്‍ അബ്​ദുല്ല അല്‍ഗാനിം, ദാറുല്‍ കറാമ സാമൂഹിക ക്ഷേമ കേന്ദ്രം ഡയറക്ടര്‍ സഅദബ് സുല്‍താന്‍, ബൂരി ചാരിറ്റി സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് കാദിം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേടുപാടുകള്‍ പറ്റിയ വീടുകളെ സംബന്ധിച്ച റിപ്പോർട്ട് ശൈഖ ആഇശ ആല്‍ഖലീഫ സമര്‍പ്പിച്ചു. പൂര്‍ണ വാസ യോഗ്യമല്ലാത്ത നാല് വീടുകള്‍, പുറം ഭാഗം കേടുപാടുകള്‍ സംഭവിച്ച നാല് വീടുകള്‍, ചെറിയ രീതിയില്‍ കേടുപറ്റിയ 11 വീടുകള്‍, തീ അണക്കുന്നതിനിടെ എണ്ണ പരന്ന് കേടുവന്ന കാറുകള്‍ എന്നിവക്കാണ്​ നഷ്​ടപരിഹാരം നല്‍കേണ്ടതെന്ന്​ അവര്‍ നിര്‍ദേശിച്ചു. പൂര്‍ണമായി കേടുപറ്റിയ വീടുകളിലുള്ളവര്‍ക്ക് താല്‍ക്കാലിക താമസം ഒരുക്കുന്നതിന് ജഅ്ഫരീ ഔഖാഫ്, ബൂരി ചാരിറ്റി സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നുവെന്ന് വിലയിരുത്തി.വീടുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. 

Tags:    
News Summary - gas pipe line blast-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.