നൂഫ് അബ്ദുറഹ്മാൻ ജംഷീർ

ഫ്ലെക്സി വിസ ഇല്ലാതാകുന്നു; പകരം സംവിധാനം പ്രഖ്യാപിച്ചു

മനാമ: ബഹ്റൈനിൽ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പുറത്തുവിട്ടു.

കഴിഞ്ഞ ദിവസം ബഹ്റൈൻ ചേംബർ സന്ദർശിക്കവേ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് തൊഴിൽ പരിഷ്കരണ നടപടികൾ പ്രഖ്യാപിച്ചത്. ഇതേത്തുടർന്നാണ് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നൂഫ് അബ്ദുറഹ്മാൻ ജംഷീർ പുതിയ വ്യവസ്ഥകൾ എന്തൊക്കെയെന്ന് വ്യക്തമാക്കിയത്.

പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ തൊഴിൽ മാറ്റുന്നതിനോ ഉള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതാണ് പരിഷ്കരണ നടപടികളെന്ന് അധികൃതർ അറിയിച്ചു. ഏതെങ്കിലും തൊഴിലുടമയുടെ കീഴിലല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ തൊഴിലാളികളെ അനുവദിക്കുന്ന െഫ്ലക്സി വിസ നിർത്തലാക്കണമെന്ന് വിവിധ തലങ്ങളിൽനിന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.

തൊഴിൽരംഗത്തെ പുതിയ പരിഷ്കാരങ്ങൾ

1. നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവരും നിയമാനുസൃതമായ വർക്ക് പെർമിറ്റ് ഇല്ലാത്തവരും ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യണം.

2. ബഹ്റൈനിൽ താമസിക്കുന്ന തൊഴിലാളികൾക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. ജോലിയിൽനിന്ന് ഒളിച്ചോടിയവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും രജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല. വിസിറ്റ് വിസയിൽ ബഹ്റൈനിൽ വന്നവരുടെ അപേക്ഷ സ്വീകരിക്കില്ല.

3. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കമേഴ്സ്യൽ രജിസ്ട്രേഷൻ ലഭിക്കില്ല. പ്രത്യേക ലൈസൻസ് ആവശ്യമായ തൊഴിലുകളിൽ ഏർപ്പെടണമെങ്കിൽ ബന്ധപ്പെട്ട അധികൃതരിൽനിന്ന് ലഭിച്ച ലൈസൻസുണ്ടായിരിക്കണം.

4. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ ആരോഗ്യ ഫീസും ഇൻഷുറൻസും അടക്കണം.

5. നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവർക്ക് പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് നിശ്ചിത സമയം അനുവദിക്കും. അതിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം.

6. തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനായി വ്യവസായ വാണിജ്യ മന്ത്രാലയവും സ്വകാര്യ മേഖലയുമായി സഹകരിച്ച് പുതിയ ലേബർ രജിസ്ട്രേഷൻ സെന്ററുകൾ ആരംഭിക്കും. ഇതിന് പുറമേ, 'സിജിലാത്' പോർട്ടലിലും രജിസ്ട്രേഷന് സൗകര്യമേർപ്പെടുത്തും.

7. തൊഴിലാളികളുടെ താമസസ്ഥലം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ രജിസ്ട്രേഷൻ സെന്ററിൽ സൂക്ഷിക്കും. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റും ലൈസൻസും ഉണ്ടെന്നും ആവശ്യമെങ്കിൽ തൊഴിലാളിയെ ബന്ധപ്പെടാൻ സാധിക്കുമെന്നും ഉറപ്പ് വരുത്തും.

8. അംഗീകൃത സെന്ററുകൾക്ക് എൽ.എം.ആർ.എ വെബ്സൈറ്റ് മുഖേന തൊഴിലാളികളെ രജിസ്റ്റർ ചെയ്യിക്കാം.

9. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്തുന്നതിന് പരിശോധന ശക്തിപ്പെടുത്തുമെന്ന് നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ പറഞ്ഞു. തൊഴിൽ വിപണിയെ കൂടുതൽ ശാക്തീകരിക്കുന്നതിന് വർക്ക് പെർമിറ്റുകൾ തൊഴിൽ സംബന്ധമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കും. ബഹ്റൈനിലെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബിസിനസ് സമൂഹത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ പരിഷ്കരണങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Flexi-Visa to cease; A replacement system was announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.