അബൂദബി: ദുബൈയില്‍നിന്ന് വെറും രണ്ട് മണിക്കൂറിനുള്ളിൽ മുംബൈയിലെത്താൻ കടലിനടിയിലൂടെ അതിവേഗ ട്രെയിന്‍ വരുന്നു. മണിക്കൂറില്‍ 600 മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവും ഉള്‍പ്പെടെ ചരക്കുകളും കൊണ്ടുപോകാം. യു.എ.ഇ നാഷനല്‍ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് ഇരു നഗരങ്ങളേയും ബന്ധിപ്പിക്കുന്ന പദ്ധതി അവതരിപ്പിച്ചത്. യു.എ.ഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ട്യൂബ് അക്കൗണ്ട് ഇതിന്റെ പ്രതീകാത്മത വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ യു.എ.ഇയില്‍നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്താന്‍ നാല് മണിക്കൂറാണ് സമയം.
അതിവേഗ അണ്ടര്‍വാട്ടര്‍ ട്രെയിന്‍ വരുന്നതോടെ ഇത് രണ്ട് മണിക്കൂറായി കുറയും. കൂടാതെ ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഉള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടും. യാത്രക്കും ചരക്ക് നീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല റെയില്‍ കടന്നുപോകുന്ന ഇതര രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായിരിക്കും പദ്ധതി. വർഷങ്ങൾക്ക് മുമ്പ് പദ്ധതി സമർപ്പിച്ചെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അനുമതി ലഭിച്ചാൽ 2030ഓടെ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റിയയക്കാനും പദ്ധതിയിലൂടെയാവും. അണ്ടര്‍വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് പദ്ധതി ഒരുക്കുന്നതെന്നാണ് വിവരം. എന്നാല്‍, കടലിനടിയിലൂടെ അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി സാധ്യത പഠനവും പരിശോധനയും പാത കടന്നുപോകുന്ന രാജ്യങ്ങളുടെ സഹകരണവും കോടികളുടെ ഫണ്ടും വേണം. 2000 കിലോമീറ്റര്‍ ദൂരത്തിലാണ് ദുബൈ-മുംബൈ നഗരങ്ങളെ റെയില്‍വഴി ബന്ധിപ്പിക്കുക.
പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിർമാണം പൂര്‍ത്തിയാക്കി 2030ല്‍ സര്‍വിസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തുവിടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.