മനാമ: ബഹ്‌റൈനിൽ രണ്ട് മാസമായി നിലവിലിരുന്ന ഞണ്ട് പിടുത്തത്തിനുള്ള വാർഷിക നിരോധനം ശനിയാഴ്ച അവസാനിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. മാർച്ച് 15 മുതൽ മെയ് 15 വരെയായിരുന്നു ഞണ്ടുകളെ പിടിക്കുന്നതിനും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ കാലയളവിൽ അബദ്ധത്തിൽ വലയിൽ കുടുങ്ങുന്ന ഞണ്ടുകളെ സുരക്ഷിതമായി കടലിലേക്ക് തന്നെ തിരിച്ചുവിടണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.
കടൽവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കാനുമാണ് ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തുന്നത്. നിരോധന കാലയളവിൽ നിയമം ലംഘിക്കുന്നവർക്ക് 300 മുതൽ 1000 ദിനാർ വരെ പിഴ ഈടാക്കാറുണ്ട്. അതേസമയം ഷേരി, സാഫി, അന്ദാക്ക് എന്നീ മത്സ്യങ്ങളുടെ പിടുത്തത്തിനുള്ള നിരോധനം ഈ മാസം അവസാനം വരെ തുടരും. ചെമ്മീൻ പിടുത്തത്തിനുള്ള ആറ് മാസത്തെ നിരോധനം ജൂലൈ 31 വരെയാണ് നിലവിലുള്ളത്.
മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനുമാണ് ഇത്തരം നിയന്ത്രണങ്ങളെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും, ഇത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുവെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്തുണ്ട്. നിരോധനത്തിന് പകരം നിയന്ത്രിതമായ രീതിയിൽ മത്സ്യബന്ധനം അനുവദിക്കണമെന്നും സെപ്റ്റംബർ മാസത്തിൽ കുഞ്ഞു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും ഫിഷർമെൻ സൊസൈറ്റി ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കടലിൽ പരിശോധനകൾ കർശനമായി തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.