ആറു വയസ്സിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിൽനിന്ന് ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ആറു വയസ്സിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇൗ വിമാനങ്ങളിൽ ബഹ്റൈനിലേക്ക് യാത്രചെയ്യാം. അതേസമയം, ഗൾഫ് എയർ വിമാനങ്ങളിൽ ഇതുവരെ ഇളവ് നൽകിയിട്ടില്ല. കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവർക്കും നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതലാണ് ബഹ്റൈൻ യാത്രക്കാർക്കുള്ള പുതിയ നിബന്ധന പ്രാബല്യത്തിലായത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഇൗ നിബന്ധന ബാധകമാണ്. ചൊവ്വാഴ്ച പുലർച്ച ബഹ്റൈനിൽ എത്തിയ കോഴിക്കോട്ടുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന നാലു കുട്ടികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അനുമതി നിഷേധിച്ചിരുന്നു. കുട്ടികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണോ എന്ന കാര്യത്തിൽ യാത്രക്കാരിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തിയത്. ബഹ്റൈൻ അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമാണ് എയർ ഇന്ത്യ പുതുക്കിയ നിബന്ധന പുറത്തിറക്കിയത്.
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ വിലക്കണമെന്ന് ആവശ്യം
മനാമ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം. പാർലമെൻറ് ഫസ്റ്റ് ഡെപ്യൂട്ടി അബ്ദുൽ നബി സൽമാൻ ആണ് ഇൗ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിൽനിന്ന് നേരിേട്ടാ ട്രാൻസിറ്റ് വിമാനങ്ങളിലോ വരുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. തിരികെ വരുന്ന പൗരന്മാർക്ക് മാത്രം ഇളവ് നൽകണം. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിർദേശമെന്നും പാർലമെൻറ് ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.