മനാമ: അന്താരാഷ്ട്രതലത്തിൽ സംരക്ഷിക്കപ്പെട്ട കടലാമകളെ ബഹ്‌റൈൻ വിപണിയിൽ ഭക്ഷണത്തിനായി വിൽക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ പാർലമെന്റ് അന്വേഷണം പ്രഖ്യാപിച്ചു. പാർലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ ഹസ്സൻ ബുഖമ്മാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൈപ്പത്തിയുടെ വലുപ്പമുള്ള ചെറിയ ആമകളെ വിപണിയിൽ പരസ്യമായി വിൽക്കുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇത് ഗൗരവകരമായ പരിസ്ഥിതി കുറ്റകൃത്യവും ആരോഗ്യപ്രശ്നവുമാണെന്ന് ഹസ്സൻ ബുഖമ്മാസ് ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗം കടലാമകളും അന്താരാഷ്ട്രതലത്തിൽ സംരക്ഷിക്കപ്പെട്ടവയാണെന്നും ഇവയുടെ കച്ചവടം കർശനമായി നിരോധിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് എണ്ണ-പരിസ്ഥിതി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയോട് പാർലമെന്റ് സമിതി അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. ഈ ആമകളെ ബഹ്‌റൈൻ തീരത്തുനിന്ന് പിടികൂടിയതാണോ അതോ നിയമവിരുദ്ധമായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇറക്കുമതി ചെയ്തതാണെങ്കിൽ കസ്റ്റംസ്, പരിസ്ഥിതി, ആരോഗ്യ വിഭാഗങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരം തടയുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയായ സൈറ്റീസിൽ ബഹ്‌റൈൻ ഒപ്പുവെച്ചിട്ടുണ്ട്. അതിനാൽ ആമകളുടെ വിൽപ്പന അന്താരാഷ്ട്ര ഉടമ്പടിയുടെ ലംഘനമാണെന്ന് സമിതി വൈസ് ചെയർമാൻ അബ്ദുല്ല അൽ റൊമൈഹി പറഞ്ഞു. വരും ദിവസങ്ങളിൽ വിപണികളിലും തീരദേശങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.