പ്രകാശ് വടകരയും ജയ മേനോനും
മനാമ: നാലു പതിറ്റാണ്ടിലധികമായി ബഹ്റൈനിൽ പ്രവാസികളായ പ്രകാശ് വടകര- ജയ മേനോൻ താരദമ്പതികൾ പുതിയ സിനിമയുടെ പണിപ്പുരയിൽ. ജയ മേനോൻ എഴുതി ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഭ്രമ കൽപനകൾ’ എന്ന നോവൽ സിനിമ ആക്കാനുള്ള ഒരുക്കത്തിലാണ് കലാപ്രവർത്തനത്തിനായി ജീവിതം മാറ്റിവെച്ച പ്രതിഭാധനരായ ഈ ദമ്പതികൾ. തൃശൂർ കുന്ദംകുളം സ്വദേശിനിയായ ജയമേനോൻ ബഹ്റൈനിൽ ജെ.പി മോർഗൻ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. പ്രകാശ് ബഹ്റൈനിലെ പ്രമുഖ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായാണ് ജോലി ചെയ്തിരുന്നത്. അഞ്ച് വർഷം മുമ്പ് ഇരുവരും ജോലിയിൽനിന്ന് വിരമിച്ചെങ്കിലും നാടക-സിനിമാ പ്രവർത്തനങ്ങളുമായി ബഹ്റൈനിൽ സജീവമാണ്.
ഒരുമിച്ച് എട്ടു സിനിമകളിൽ അഭിനയിക്കാനും അതിൽ നാലു സിനിമകളിൽ ഭാര്യ ഭർത്താക്കന്മാരായിതന്നെ അഭിനയിക്കാനുമുള്ള അത്യപൂർവ ഭാഗ്യം ഈ ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. ബഹ്റൈനിലെ കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബിലും ആദ്യകാലം മുതൽ ഇവർ രണ്ടുപേരും നാടകങ്ങളുമായി സജീവമായിരുന്നു. ഒട്ടനവധി നാടകങ്ങൾ സംവിധാനം ചെയ്തു. പ്രവാസലോകത്തും നാട്ടിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ‘കുറിയേടത്ത് താത്രി’ എന്ന നാടകത്തിൽ താത്രിയായി ജയ മേനോനും രാമൻ നമ്പൂതിരിയായി പ്രകാശ് വടകരയും ഉജ്ജ്വല അഭിനയം കാഴ്ചവെച്ച് പ്രക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. 30 ലധികം നാടകങ്ങളിൽ ഒരുമിച്ചു അഭിനയിച്ചു.
കലാരംഗത്തെ സംഭാവനകളെ മാനിച്ച് കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം 2013 ൽ ജയ മേനോനും 2015ൽ പ്രകാശ് വടകരക്കും നൽകി കേരള സർക്കാർ ആദരിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആസിഫ് അലിയും റീമ കല്ലിങ്കലും അരങ്ങേറ്റം കുറിച്ച ‘ഋതു’വിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം നീലത്താമര, ഡയമണ്ട് നെക്ലേസ്, ആദം ജോൺ, ഡബിൾസ്, കിംഗ് ഫിഷ്, കുട്ടനാടൻ മാർപ്പാർപ്പ തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ജയ മേനോൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എൽസമ്മ എന്ന ആൺകുട്ടി, മ്യാവൂ, മാധവി, നീലി തുടങ്ങി പതിനാല് സിനിമകളിലും കാളീഗൺഡകി എന്ന സീരിയിലിലും പ്രകാശ് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ബി.എം.സി.ഫിലിം സൊസൈറ്റിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെറെ കേടാ’ എന്ന സിനിമയിലെ ഇരുവരുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബി.എം.സി ഫിലിം സൊസൈറ്റിയുടെ പ്രോജക്റ്റ് ഡയറക്റ്റേഴ്സ് ആയ ഇവരുടെ ഷെൽട്ടർ എന്ന ആന്തോളജി സിനിമയും ഈയിടെ ബഹ്റൈനിൽ തുടർച്ചയായി ഏഴ് ദിവസം ഹൗസ്ഫുൾ ആയി എപിക്സ് സിനിമാസിൽ പ്രദർശനം നടത്തിയിരുന്നു.
നാല് സിനിമകൾ ചേർന്ന ഈ ആന്തോളജിയിൽ മൂന്നെണ്ണത്തിന്റെ കഥയും തിരക്കഥയും ജയ മേനോന്റേതായിരുന്നു. മാത്രമല്ല അതിൽ ഏറ്റവും പ്രശംസ നേടിയ സ്റ്റെയിൽമേറ്റ് എന്ന സിനിമ ജയ സംവിധാനം ചെയ്യുകയും അതിലെ നായിക കഥാപാത്രത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ജയയുടെതന്നെ മറ്റൊരു തിരക്കഥയായ ഫേസസ് ഇൻ ഫേസസ് എന്ന സിനിമ സംവിധാനം ചെയ്തത് പ്രകാശ് ആയിരുന്നു. ഈ സിനിമയും വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പുതിയ സിനിമ ബഹ്റൈനിലെ ആർട്ടിസ്റ്റുകളും നാട്ടിലെ താരങ്ങളും അണിനിരക്കുന്ന ഫീച്ചർ ഫിലിം ആയിരിക്കുമെന്ന് പ്രകാശ് വടകര പറഞ്ഞു. ബഹ്റൈനിലും നാട്ടിലും വെച്ച് ചിത്രീകരണം നടത്തും. ഈ ദമ്പതികളുടെ മക്കളായ ആരോൺ അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയറും റിഷി ദമാമിൽ ബാങ്ക് ഉദ്യോഗസ്ഥനുമാണ്. റിഷി ഷെൽട്ടർ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.