മനാമ: ഹൂതി തീവ്രവാദികള്‍ സൗദി ദേശീയ എണ്ണക്കമ്പനിയുടെ കപ്പലുകള്‍ക്ക് നേരെ ചെങ്കടലില്‍ വെച്ച് നടത്തിയ അക്രമണത്തെ മന്ത്രിസഭാ യോഗം അപലപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്നതിന് തീരുമാനിച്ചു. മേഖലയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഇറാനാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലുള്ളത്. സൗദി ഭരണകൂടം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന മുഴുവന്‍ നടപടികള്‍ക്കും പിന്തുണ അറിയിക്കുന്നതായും കാബിനറ്റ് വ്യക്തമാക്കി. ജൂലൈ 30 ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിച്ച പശ്ചാത്തലത്തില്‍ മനുഷ്യക്കടത്ത് അവസാനിപ്പിക്കുന്നതിന് ബഹ്റൈന്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കാബിനറ്റ് വിലയിരുത്തുകയും അന്താരാഷ്ട്ര വേദികളുമായി ഇക്കാര്യത്തില്‍ സഹകരണം മെച്ചപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും തീരുമാനിച്ചു. സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ പുനര്‍ വിന്യാസം രണ്ടാം ഘട്ടം നടപ്പാക്കുന്നതിനെ സംബന്ധിച്ച് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഏകീകൃത ചട്ടക്കൂട് നിര്‍മിക്കുന്നതിനും അതുവഴി സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. 28 ല്‍ പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഈ ഗണത്തില്‍ വരും. ആദ്യ ഘട്ടത്തില്‍ എട്ട് പദ്ധതികളായിരുന്നു നടപ്പാക്കിയത്. രണ്ടാം ഘട്ടത്തില്‍ 20 സേവനങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ കൃത്യവും സുതാര്യവും എളുപ്പവും ലഭിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ സഭയില്‍ വിശദീകരിച്ചു. ഇതിെൻറ അടിസ്ഥാനത്തില്‍ പദ്ധതിയുടെ മൂന്നാം ഘട്ടം രൂപപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ആറ് മന്ത്രാലയങ്ങളുടെ 28 ല്‍ പരം സേവനങ്ങള്‍ നല്‍കുന്ന രണ്ടാം ഘട്ട പദ്ധതി രൂപപ്പെടുത്തുന്നതിന് മുന്നില്‍ നിന്ന കിരീടാവകാശിക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അംഗപരിമിതരായ ജീവനക്കാരോ അല്ലെങ്കില്‍ അവരെ പരിചരിക്കുന്നവര്‍ക്കോ ദിനേന രണ്ട് മണിക്കൂര്‍ ഡ്യൂട്ടി സമയം ഇളവ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും നിര്‍ണയിക്കുന്നതിനെ സംബന്ധിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ അധ്യക്ഷനായുള്ള പ്രത്യേക കമ്മിറ്റിയാണ് നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നിയമപരപമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിതല നിയമ സമിതിക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. 100 ശതമാനം വിദേശ നിക്ഷേപത്തോടെയുള്ള കമ്പനികള്‍ക്ക് സീ കാര്‍ഗോ, കണ്‍സള്‍ട്ടിങ് മേഖലയില്‍ അനുമതി നല്‍കാന്‍ കാബിനറ്റ് യോഗം തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും ധനകാര്യ-ചെലവ് ചുരുക്കല്‍ മന്ത്രിതല സമിതി അധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണ് ഇക്കാര്യത്തില്‍ അംഗീകാരം നല്‍കിയത്.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.