പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ അസീസിന് ബഹ്റൈൻ വട്ടപ്പോയിൽ
മുസ്ലിം ജമാഅത്ത് നൽകിയ യാത്രയയപ്പ്
അബ്ദുൽ അസീസ്
മനാമ: പവിഴദ്വീപിന്റെ മണ്ണിൽ അരനൂറ്റാണ്ട് കാലത്തെ സ്മരണകൾ ബാക്കിവെച്ച് കണ്ണൂർ വട്ടപ്പൊയിൽ സ്വദേശി പി.എം. അബ്ദുൽ അസീസ് പ്രവാസജീവിതത്തോട് വിടപറയുന്നു. 1975ൽ തുടങ്ങിയ തന്റെ പ്രവാസ യാത്രക്ക് ഡിസംബർ 31ന് വിരാമമിട്ട് അദ്ദേഹം നാട്ടിലേക്ക് മടങ്ങും. 1975ൽ തന്റെ ഇരുപതാം വയസ്സിലാണ് അബ്ദുൽ അസീസ് ബഹ്റൈനിലെത്തുന്നത്. അന്ന് ബഹ്റൈനിലുണ്ടായിരുന്ന പിതാവ് അയച്ചുനൽകിയ വിസയിൽ ബോംബെയിൽ നിന്നായിരുന്നു യാത്ര. ഗൾഫ് സർവിസ് നടത്തിയിരുന്ന പ്രശസ്തമായ 'ദുംറ' കപ്പലിന്റെ അവസാന ട്രിപ്പിലായിരുന്നു ആ യാത്ര. കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും കാരണം കപ്പലിലെ ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ, ഒമ്പത് ദിവസം നീണ്ട ദുരിതയാത്രക്കൊടുവിലാണ് അദ്ദേഹം മീനാസൽമാൻ പോർട്ടിൽ ഇറങ്ങിയത്. തുടക്കത്തിൽ അൽമിസ പള്ളിക്ക് സമീപമായിരുന്നു താമസം. സഹോദരീഭർത്താവ് എ.വി. അബ്ദുറഹിമാനും ബുഅലി അബ്ദുറഹിമാനുമായിരുന്നു മുറിയിൽ കൂട്ടിനുണ്ടായിരുന്നത്. ആദ്യകാലത്ത് അറബി വീടുകളിൽ ജോലി ചെയ്തു. പിന്നീട് സഹാറ ഹോട്ടലിൽ 40 ദിനാർ ശമ്പളത്തിന് ഒരു വർഷത്തോളം ജോലി നോക്കി. 50 ദിനാർ നൽകിയാൽ 1000 രൂപ നാട്ടിലേക്ക് അയക്കാമായിരുന്ന ആ കാലം കഷ്ടപ്പാടുകളുടേതായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. പല ഘട്ടങ്ങളിലായി മൂന്ന് തവണ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും പ്രവാസം തന്നെ അദ്ദേഹത്തെ തേടിയെത്തി.
1986ൽ ഫ്രീ വിസയിൽ വീണ്ടും ബഹ്റൈനിലെത്തിയതാണ് അബ്ദുൽ അസീസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. സൗദി എംബസിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം നീണ്ട 39 വർഷക്കാലം അവിടെ സേവനമനുഷ്ഠിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചാണ് ഇപ്പോൾ അദ്ദേഹം മടങ്ങുന്നത്. അഞ്ചുപതിറ്റാണ്ട് മുമ്പുള്ളതല്ല ഇന്നത്തെ ബഹ്റൈൻ എന്ന് അസീസ് പറയുന്നു.
അംബരചുംബികളായ കെട്ടിടങ്ങളോ ഇന്നത്തെ പുരോഗതിയോ അന്ന് ഉണ്ടായിരുന്നില്ല.
സ്വദേശികളുടെ കൂടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേർന്ന് ജീവിച്ച അദ്ദേഹത്തിന് ബഹ്റൈൻ ജനതയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കളും മടങ്ങുകയും പലരും മരണപ്പെടുകയും ചെയ്തത് പ്രവാസത്തിലെ നൊമ്പരമായി അദ്ദേഹം ഓർക്കുന്നു. അബ്ദുൾ അസീസിന്റെ രണ്ട് മക്കളും ബഹ്റൈനിൽ തന്നെയാണുള്ളത്. മൂത്തമകൻ അസിം ബഹ്റൈൻ എയർ ബേസിലും രണ്ടാമത്തെ മകൻ അർഷാദ് സയാനിയിൽ അക്കൗണ്ടന്റായും ജോലി ചെയ്യുന്നു. നാല് മക്കളും ഒമ്പത് പേരക്കുട്ടികളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ സ്നേഹനിധിയായ കാരണവരാണ് അദ്ദേഹം. ബഹ്റൈൻ വട്ടപ്പൊയിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയിൽ തുടക്കം മുതൽ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ അസീസ്, മനോഹരമായ പ്രവാസജീവിതത്തിന്റെ സംതൃപ്തിയോടെയാണ് വട്ടപ്പൊയിലിലേക്ക് തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.